Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് പ്രാര്‍ത്ഥനകളും പിന്തുണയുമായി പാക് ജനത; കൂടെയുണ്ടെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്- ദിവസവും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ കവരുന്ന കോവിഡും കടുത്ത ഓക്‌സിജന്‍ ക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഇന്ത്യക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയല്‍രാജ്യമായ പാക്കിസ്ഥാന്‍. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അടക്കം രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനം തുടങ്ങി എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളും നടക്കുന്നുണ്ട്. രണ്ടു ദിവസമായി പാക്കിസ്ഥാനില്‍ ട്വിറ്ററില്‍  #PakistanstandswithIndia,  #Indianeedoxygen എന്നീ രണ്ട് ഹാഷ്ടാഗുകളാണ് ഏറ്റവും മുന്നില്‍ ട്രെന്‍ഡ് ചെയ്യുന്നത്. 

കോവിഡുമായി പൊരുതുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായി പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഇന്ന് ട്വീറ്റ് ചെയ്തു. അയല്‍ രാജ്യത്തും ലോകത്തും ഈ മഹാമാരിയില്‍ അകപ്പെട്ടവര്‍ വേഗത്തില്‍ കരകയറട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മാനവിക നേരിടുന്ന ഈ വെല്ലുവിളിയെ നാം ഒന്നിച്ചു പൊരുതി തോല്‍പ്പിക്കേണ്ടതുണ്ടെന്നും ഇംറാന്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേശി, വാര്‍ത്താ മന്ത്രി ഫവാദ് ചൗധരി, മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി തുടങ്ങി നിരവധി പേരും ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ജീവകാരുണ്യ, സാന്ത്വന പരിചരണ സംഘടനയായ ഈദി ഫൗണ്ടേഷനും ഇന്ത്യന്‍ ജനതയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. ഈ ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നതിന് സഹായിക്കാന്‍ 50 ആംബുലന്‍സുകളും വളണ്ടിയര്‍മാരുടെ സേവനവും നല്‍കാന്‍ തയാറാണെന്നും ഈദി ഫൗണ്ടേഷന്‍ മേധാവി ഫൈസല്‍ ഈദി മോഡിക്കയച്ച് കത്തില്‍ പറഞ്ഞിരുന്നു. എല്ലാ ചെലവുകളും വഹിച്ചുകൊള്ളാമെന്നും ഈ സഹായം ഒരിക്കലും അസൗകര്യമുണ്ടാക്കില്ലെന്നും കത്തില്‍ സംഘടന വ്യക്തമാക്കിയിരുന്നു. സംഘത്തെ നേരിട്ട് നയിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഫൈസല്‍ സന്നദ്ധത അറിയിച്ചിരുന്നു.
 

Latest News