ന്യൂദൽഹി- ഓക്‌സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്ന് ദൽഹി ഹൈക്കോടതി. ഓക്‌സിജൻ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ തടസ്സമുണ്ടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ഓക്‌സിജൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രാസെൻ ഹോസ്പിറ്റൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിൻ സങ്കിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് കർശന നിലപാട് സ്വീകരിച്ചത്.
കോവിഡ് വ്യാപനത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദൽഹി സർക്കാർ പുറത്ത് വിട്ടിരുന്നു.