ന്യൂദല്‍ഹി- ദല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി 20 കോവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. 3.5 മെട്രിക് ടണ്‍ ഓക്‌സിജന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് വെള്ളിയാഴ്ച വൈകുന്നേരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയത് അര്‍ദ്ധരാത്രിയോടെയാണ്. അപ്പോഴേക്കും 20 രോഗികള്‍ മരിച്ചിരുന്നു- ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡി.കെ ബലുജ പറഞ്ഞു. ഈ ആശുപത്രിയില്‍ തീവ്രവപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 215 രോഗികള്‍ ഗുരുതരാവസ്ഥയിലാണ്, ഇവര്‍ക്കും ഓക്‌സിജന്‍ അടിയന്തിരമായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ ദല്‍ഹിയിലെ രണ്ട് ആശുപത്രികളാണ് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ആശങ്കാ മുന്നറിയിപ്പ് നല്‍കുകയും അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യപ്പെടുകയും ചെയ്തത്. മൂല്‍ചന്ദ് ഹോസ്പിറ്റല്‍ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ലഫ്. ഗവര്‍ണറുടേയും സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു. ഇവിടെ 130 കോവിഡ് രോഗികളാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. ഇവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ മധു ഹന്ദ മാധ്യമങ്ങളോട് സാഹചര്യം വിശദീകരിക്കവെ പൊട്ടിക്കരഞ്ഞു. ഇനി അര മണിക്കൂര്‍ നേരത്തേക്കു മാത്രമെ ഓക്‌സിജന്‍ ബാക്കിയുള്ളൂവെന്നും ഇത് ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റു ആശുപത്രികളും സമാന സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.






