Sorry, you need to enable JavaScript to visit this website.

വിലക്കിനുമുമ്പ് ഇന്ന് അവസാന അവസരം; യു.എ.ഇയിലേക്ക് ടിക്കറ്റ് കിട്ടാതെ പ്രവാസികള്‍

കോഴിക്കോട്- ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. പ്രഖ്യാപിച്ച പ്രവേശന വിലക്ക്  പ്രവാസികളെ വലിയ ദുരിതത്തിലാക്കി. ഇന്ന് വൈകിട്ട് മുതല്‍ പത്ത് ദിവസത്തേക്കാണ് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് നീട്ടിയേക്കാമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് മടങ്ങാനൊരുങ്ങിയ പലര്‍ക്കും ടിക്കറ്റ് കിട്ടിയില്ല.
കോഴിക്കോട് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിങ് വ്യാഴാഴ്ച രാത്രിയോടെതന്നെ പൂര്‍ത്തിയായിരുന്നു. 10,000 മുതല്‍ 13,000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ 40,000 മുതല്‍ 50,000 രൂപ വരെ ആക്കി ഉയര്‍ത്തിയതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. കോഴിക്കോട് നിന്നും കണ്ണൂരില്‍നിന്നും സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് റാസല്‍ ഖൈമയിലേക്കാണിത്
കൊച്ചിയില്‍ നിന്നും നേരിട്ട് ടിക്കറ്റ് കിട്ടാത്തവര്‍ മറ്റു സംസ്ഥാനങ്ങള്‍ വഴിയാണ് യു.എ.ഇ.യിലേക്കു മടങ്ങുന്നത്. ദല്‍ഹി വഴി ദുബായിലേക്കു പോകുന്നതിന് 86,000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്.
തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച ദുബായിലേക്ക് 22000, അബുദാബിയിലേക്ക് 32000, മസ്‌കറ്റിലേക്ക് 40000, ഷാര്‍ജയിലേക്ക് 27000 എന്നിങ്ങനെയായിരുന്നു നിരക്ക്. കഴിഞ്ഞമാസം ദുബായിലേക്കും ഷാര്‍ജയിലേക്കും 12000 രൂപമുതല്‍ ടിക്കറ്റ് ലഭിച്ചിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച യു.എ.ഇയിലേക്ക് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പലര്‍ക്കും തിരിച്ചടിയായി. ഗോ എയറിന്റെ സര്‍വീസാണ് വൈകീട്ട് ഷാര്‍ജയിലേക്ക് ഉണ്ടായിരുന്നത്. 180 സീറ്റുകളുള്ള വിമാനത്തില്‍ പകുതിയോളം യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്.

 

Latest News