ജിദ്ദ- സൗദിയിൽനിന്ന് വിമാന യാത്ര കോവിഡ് വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്കും കോവിഡ് ഇല്ലാത്തവർക്കും മാത്രമായി പരിമിതപ്പെടുത്തിയത് ഇന്നലെയാണ്. വിമാനയാത്രക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അറിയിപ്പ് വന്നതോടെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായി. പ്രവാസികൾക്ക് മുന്നിൽ ഇനിയുള്ള വഴികളിൽ ഏറ്റവും പ്രധാനപ്പെട്ടത് വാക്‌സിൻ എടുക്കുക എന്നത് മാത്രമായി. ഇപ്പോഴും നിരവധി പ്രവാസികൾ വാക്‌സിൻ എടുക്കുന്നതിൽ വിമുഖരാണ് എന്നാണ് സൂചന.
രണ്ടു മാസത്തിന് ശേഷം നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നവർ പോലും വാക്‌സിൻ എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് ബന്ധപ്പെടുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിൽ അനാവശ്യ ഭയമാണ് പ്രവാസികൾ അടക്കമുള്ളവരെ പിന്നോട്ടടിപ്പിക്കുന്നത്.
വിമാനത്തിൽ കയറണമെങ്കിൽ വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കിയതോടെ ഇനിയും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ഇന്നലെയാണ് വിമാനയാത്രക്ക് കോവിഡ് വാക്‌സിനേഷൻ കൂടി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർബന്ധമാക്കിയത്. വാക്‌സിൻ സ്വീകരിക്കാത്തവരാണെങ്കിൽ കോവിഡ് ബാധിക്കാത്തവർ ആയിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
സൗദിയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ വിവരം തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. രോഗം ബാധിച്ചവരുടെ വിവരങ്ങളും ആപ്പിൽ അപ്‌ഡേറ്റഡാണ്. വിമാനതാവളത്തിൽ എത്തുന്നവർ സ്വന്തം മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ബോർഡിംഗ് ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണിക്കണം. അതിൽ രോഗബാധിതനല്ല എന്ന നില തെളിയുകയാണെങ്കിൽ മാത്രമേ ബോർഡിംഗ് പാസ് അനുവദിക്കൂ. സൗദിയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികൾ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആപ്പിൽ പുതുതായുള്ള വാക്‌സിൻ സ്വീകരിച്ചവർ, രോഗബാധയില്ലാത്തവർ എന്നീ കോളങ്ങൾ അനുസരിച്ചായിരിക്കും ബോർഡിംഗ് പാസ് അനുവദിക്കുക. രോഗബാധ സ്ഥിരീകരിച്ചവരാണെങ്കിൽ അവരുടെ യാത്ര അനുവദിക്കില്ല. എന്നാൽ ഇവരുടെ ടിക്കറ്റിനെ ചെലവായ തുക മടക്കി നൽകുകയോ യാത്ര പിന്നീട് പുനക്രമീകരിക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കിൽ നേരത്തെ തന്നെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യ നിർബന്ധമാക്കിയിരുന്നു. കോവിഡ് ആർ.ടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഇന്ത്യയിലേക്ക് യാത്ര അനുവദിക്കൂ. ഇതിന് പേപ്പർ സർട്ടിഫിക്കറ്റ് നിർബന്ധവുമാണ്. ഇത് അതാത് വിമാനങ്ങളുടെ കൗണ്ടറിൽ കാണിക്കണം. എങ്കിൽ മാത്രമേ ബോർഡിംഗ് അനുവദിക്കൂ. ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അറിയിപ്പ് വന്നതോടെ ഇന്ത്യൻ യാത്രക്കാർക്ക് തവക്കൽനാ ആപ്പിലെ വിവരങ്ങളും അധികമായി വേണ്ടി വരും.