Sorry, you need to enable JavaScript to visit this website.

ആഹാരശീലങ്ങൾ: റമദാൻ നൽകുന്ന ഗുണപാഠം   


റമദാനിന്റെ പകൽവേളകൾ അന്നപാനീയങ്ങളും ജലപാനവും വെടിഞ്ഞു കഴിയുമ്പോൾ വിശപ്പിന്റെ വിലയും ഭക്ഷണത്തിന്റെ മൂല്യവും മനസ്സിലാക്കാൻ ഒരു നോമ്പുകാരന് സാധിക്കുന്നു. പതിനാല് മണിക്കൂറോളം കഠിനമായ ചൂടിൽ ജോലിഭാരങ്ങളും ഉപജീവനത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലുകളുമായി ദാഹവും വിശപ്പും ക്ഷീണവും സഹിക്കുമ്പോൾ ഒരിറ്റു വെള്ളത്തിന്റെ വില എത്രമാത്രമാണെന്ന് അവർക്ക് മനസ്സിലാവുന്നു.  പണക്കാരനും പാവപ്പെട്ടവനും പണ്ഡിതനും പാമരനും ഒരുപോലെ വിശപ്പിന്റെ വിളിയാളങ്ങൾ കേൾക്കാൻ സാധിക്കുന്നു. ഇഫ്താറിന്റെ സമയത്ത് ഒട്ടിയ വയറും ക്ഷീണിച്ച ശരീരവുമായി തീൻമേശക്ക് ചുറ്റും ഭക്ഷണം പ്രതീക്ഷിച്ചിരിക്കുന്ന ധനാഢ്യന്റെയും ദരിദ്രന്റെയും മാനസികവും ശാരീരികവുമായ അവസ്ഥകൾ ഒരുപോലെയാണെന്നത് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളുടെ സാർവ്വലൗകികതയെയാണ് ബോധ്യപ്പെടുത്തുന്നത്. 


മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഏറ്റവും സുപ്രധാനം അവന്റെ ഒരു ചാൺ വയറു തന്നെയാണ്. മനുഷ്യരുണ്ടായ കാലം തൊട്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ വിവിധ തട്ടുകളിലാണ്. ചിലർക്ക് അല്ലാഹു ധാരാളം നൽകുന്നു; ചിലർക്ക് പരിമിതമായും നൽകുന്നു. 'അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാക്കുകയും മറ്റു ചിലർക്ക് അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു.' (ഖുർആൻ 13:26). എന്നാൽ എല്ലാവർക്കും ഒരു പോലെ ആവശ്യമുള്ളതാണ് വിശപ്പടക്കാനുള്ള ഭക്ഷണം. ജനങ്ങളെ ഇപ്രകാരം അവരുടെ ഉപജീവനത്തിന്റെ കാര്യത്തിൽ വ്യത്യസ്ത തട്ടുകളിലാക്കിയതിന് പിന്നിൽ അല്ലാഹുവിന് ചില ലക്ഷ്യങ്ങളുണ്ട്. അല്ലാഹു പറയുന്നു: 'നാമാണ് ഐഹികജീവിതത്തിൽ അവർക്കിടയിൽ അവരുടെ ജീവിതമാർഗം പങ്ക് വെച്ചുകൊടുത്തത്. അവരിൽ ചിലർക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപരി നാം പല പടികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 43:32). സാമ്പത്തിക ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷണകാര്യങ്ങളിൽ വ്യത്യസ്തത ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ മേലാളർ ആണെങ്കിലും കീഴാളർ ആണെങ്കിലും ശരീരഘടനയിലോ ശരീരത്തിന്റെ ആവശ്യങ്ങളിലോ അവർക്കിടയിൽ വ്യത്യാസമില്ല. പശിയടക്കാനുള്ള ആഹാരം മുഴുവൻ മനുഷ്യരുടെയും അത്യാവശ്യങ്ങളിൽ പെട്ടതാണ്. 


ഇങ്ങനെ വളരെ അത്യാവശ്യമായി മനുഷ്യന് ലഭിക്കേണ്ട അവന്റെ ആഹാര കാര്യങ്ങളിൽ ഇസ്‌ലാം വലിയ കാഴ്ചപ്പാടാണ് അവതരിപ്പിച്ചിട്ടുള്ളത്. ആഹാരം മനുഷ്യന്റെ ജീവൻ നിലനിർത്താനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ, പിത്തസഞ്ചി തുടങ്ങിയ അവയവങ്ങൾ ഉൾക്കൊള്ളുന്ന ദഹനവ്യവസ്ഥ മനുഷ്യശരീരത്തിൽ സ്രഷ്ടാവ് ഒരുക്കിവെച്ചിട്ടുള്ളതും അതിനുവേണ്ടിയാണ്. 'നിങ്ങൾ അനുവദനീയവും വിശിഷ്ടവുമായ ഭക്ഷണം മാത്രം കഴിക്കുക' (2:168) എന്ന ഖുർആന്റെ കൽപന ആരോഗ്യ സംരക്ഷണമാണ് സൂചിപ്പിക്കുന്നത്. നാവിന് ആസ്വാദനമുകുളങ്ങൾ നൽകിയതിലൂടെ ആഹാരം ആസ്വദിച്ചു കഴിക്കുവാനുള്ള അനുഗ്രഹം മനുഷ്യന് സ്രഷ്ടാവ് നൽകിയിട്ടുണ്ടെങ്കിലും ആസ്വാദനങ്ങൾക്ക് ഒരു പരിധിയും അവൻ നിശ്ചയിച്ചിട്ടുണ്ട്. സ്വാദുള്ള ഭക്ഷണം ഇഷ്ടം പോലെ വാരിവലിച്ച് കഴിച്ച് ആരോഗ്യത്തെ ദുർബലമാക്കുവാൻ മനുഷ്യന് സ്വാതന്ത്ര്യമില്ല. 
'നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, എന്നാൽ അമിതത്വം അരുത്' (7:31) എന്ന ഖുർആനിക വചനം അമിതഭോജനത്തിന്റെ നിഷിദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 'ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു.' (17:27) എന്നാണ് മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നത്.  


മനുഷ്യന് എത്രതന്നെ സമ്പത്തുണ്ടെങ്കിലും അവന്റെ ആമാശയത്തിന്റെ വലിപ്പം ഏറെക്കുറെ ഒരുപോലെയാണ്. പത്തുകോടി സമ്പാദ്യമുള്ളവനും പത്തുരൂപ വരുമാനമുള്ളവനും ഒരേപോലെയുള്ള ആമാശയമാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ധാരാളം പണമുള്ളതുകൊണ്ട് യഥേഷ്ടം കഴിക്കാമെന്ന ചിന്ത അസ്ഥാനത്താണ്. പ്രവാചകൻ പറഞ്ഞു: 'സ്വന്തം ആമാശയത്തെക്കാൾ മോശമായ മറ്റൊരു പാത്രം ആദമിന്റെ പുത്രൻ നിറച്ചിട്ടില്ല. സ്വന്തം നട്ടെല്ലിന് നിവർന്നു നിൽക്കാവുന്നയത്ര മാത്രമേ ആദമിന്റെ പുത്രന് ഭക്ഷിക്കേണ്ടതുള്ളൂ. അതിനു സാധ്യമല്ലെങ്കിൽ ആമാശയത്തിന്റെ മൂന്നിലൊന്ന്  ഭക്ഷണത്തിനും, മൂന്നിലൊന്ന് വെള്ളത്തിനും, മൂന്നിലൊന്നു ശ്വാസോച്ഛ്വാസത്തിനുമാക്കി അവൻ നിശ്ചയിക്കട്ടെ.' (തുർമുദി 2380). വയറു നിറച്ച് ഭക്ഷണം കഴിച്ച് ഏമ്പക്കം വിടുന്ന സ്വഭാവം ഒരു യഥാർത്ഥ വിശ്വാസിക്ക് അനുയോജ്യമല്ല എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഇന്ന് സമൂഹത്തിൽ വളരെയേറെ പ്രചാരത്തിലുള്ള പദമാണ് 'ജീവിതശൈലീരോഗം' എന്നത്. പ്രധാനമായും മനുഷ്യന്റെ ആഹാരശീലങ്ങളോട് ചേർന്നാണ് ഈ രോഗം നിലകൊള്ളുന്നത്. രണ്ടോ മൂന്നോ നാലോ പേർക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഇന്നത്തെക്കാലത്ത് സദ്യകളിലും പാർട്ടികളിലും ഒരാൾക്ക് വിളമ്പിക്കൊണ്ടിരിക്കുന്നത്. സ്വന്തം വീട്ടിൽ വെച്ച് കഴിക്കുമ്പോഴും ഇതേ ശീലം ജനങ്ങൾ പിന്തുടരുകയും ചെയ്യുന്നു. അങ്ങനെയുള്ള ശീലങ്ങളെ വലിയ അഭിമാനത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളിലും വേഷവിധാനങ്ങളിലും രൂപങ്ങളിലും ഇസ്‌ലാം നിശ്ചയിച്ച വിധിവിലക്കുകൾ പാലിക്കുന്നവരിൽ പോലും ഭക്ഷണകാര്യങ്ങളിൽ ഒട്ടും സൂക്ഷ്മത കാണിക്കാത്തവർ ഒട്ടേറെയാണ് എന്നത് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. 


'ഒരാൾക്ക് വിളമ്പുന്ന ഭക്ഷണം രണ്ടുപേർക്ക് കഴിക്കാനാകും. രണ്ടുപേർക്ക് വിളമ്പുന്നത് നാല് പേർക്കും, നാല് പേരുടേത് എട്ടു പേർക്കും കഴിക്കാനാവും' (മുസ്‌ലിം 2059) എന്ന പ്രവാചകവചനം അമിതഭോജനത്തെ എങ്ങനെ നിയന്ത്രിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നു. പലപ്പോഴും ഒരാൾക്ക് കഴിക്കാൻ സാധ്യമല്ലാത്ത അത്രയും ഭക്ഷണം അയാളെ നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്ന സ്വഭാവങ്ങൾ സദ്യകളിലും പാർട്ടികളിലും സ്ഥിരമായി കണ്ടുവരുന്നു. ഒരാളെ വിരുന്നൂട്ടാം. അതു പുണ്യകർമ്മമാണ്. പക്ഷെ അയാളുടെ വയറിനും ശരീരത്തിനും താങ്ങുവാൻ സാധ്യമല്ലാത്ത വിധം അയാളെ കഴിപ്പിക്കുന്നത് കുറ്റകരമാണ്. അത് തിന്മയാണ്. സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന പലരും അത്തരം വീർപ്പുമുട്ടിക്കലുകൾ അയാളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നില്ല. 


'വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ചുകൊണ്ടിരുന്ന കാലത്താണ് അല്ലാഹുവിന്റെ തിരുദൂതർ മരണപ്പെട്ടത്' (മുസ്‌ലിം 2975), 'മദീനയിൽ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടർച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല.' (ബുഖാരി 5416) തുടങ്ങിയ വിശ്വാസികളുടെ ഭക്ഷണക്രമത്തെ അനുസ്മരിച്ചുകൊണ്ട് ആഇശ (റ) നടത്തിയ വിവരണങ്ങൾ  ഓർത്തുവെക്കേണ്ടതാണ്. 'അല്ലാഹുവെ, മുഹമ്മദിന്റെ കുടുംബത്തിന്റെ ഭക്ഷണം അന്നന്നേക്കുള്ള ജീവിതത്തിനുള്ളതാക്കേണമേ' (മുസ്‌ലിം 1055) എന്ന മുഹമ്മദ് നബി (സ) യുടെ പ്രാർത്ഥന വിശ്വാസികൾക്ക് മാതൃകയാണ്. 


വിശപ്പടങ്ങാനുള്ള ഭക്ഷണം ലഭിച്ചു കഴിഞ്ഞാൽ അതിനപ്പുറമുള്ളത് വിശ്വാസികൾക്ക് പാടില്ല. അബൂ ഹുറൈറ (റ) പറയുന്നു: 'അമിതഭോജനം നടത്തിയിരുന്ന ഒരാൾ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം വളരെ കുറച്ചു മാത്രം കഴിച്ചു തുടങ്ങി.  ഇക്കാര്യം പ്രവാചകൻ (സ) യോട് പറയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഒരു വിശ്വാസി ഒരു ആമാശയത്തിനു വേണ്ടി മാത്രം കഴിക്കുന്നു. ഒരു അവിശ്വാസി ഏഴു ആമാശയങ്ങൾക്ക് വേണ്ടിയാണ് കഴിക്കുക.' (ബുഖാരി 5397). സ്രഷ്ടാവിലുള്ള വിശ്വാസം ശക്തമാകുന്നതിലൂടെ സ്രഷ്ടാവിന്റെ നിയന്ത്രണങ്ങൾക്ക് വിധേയനാകാൻ സാധിക്കുന്നുവെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.  'ഇസ്‌ലാം സ്വീകരിക്കുകയും ഓരോ ദിവസത്തിനും ആവശ്യമായത്ര ഭക്ഷണം ലഭിക്കുകയും അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടുകയും ചെയ്തവൻ വിജയിച്ചിരിക്കുന്നു' (മുസ്‌ലിം 1054) എന്ന പ്രവാചകവചനം ഇതിനോടൊപ്പം വായിക്കേണ്ടതാണ്. കൂടുതൽ കഴിക്കാനുണ്ടായിരുന്ന കാലത്തും പ്രവാചകനും അനുചരന്മാരും മിതമായ ഭക്ഷണരീതികളായിരുന്നു സ്വീകരിച്ചിരുന്നത്. 


ഇസ്‌ലാം ഏറ്റവും സുന്ദരമായി ജ്വലിച്ചുനിന്നിരുന്ന പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്ത് അവർ പ്രാമുഖ്യം നൽകിയിരുന്നത് ഭക്ഷണത്തിനായിരുന്നില്ല. ജീവിതവിശുദ്ധി കൈവരിക്കുവാനുള്ള പ്രയത്‌നത്തിലായിരുന്നു അവർ. സ്വഹാബിമാരിൽ നിന്നും ഉദ്ധരിക്കുന്ന പല സംഭവങ്ങളും വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുപോകും. അബൂഹുറൈറ (റ) പറയുന്നു: 'ഒരിക്കൽ എന്നെ കഠിന വിശപ്പ് ബാധിച്ചു. ഞാൻ ഉമർ(റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഖുർആനിലെ ഒരു സൂക്തം ഓതിത്തരാൻ ഞാനാവശ്യപ്പെട്ടു. അദ്ദേഹം വീട്ടിൽ കയറി എനിക്ക് പ്രവേശിക്കുവാൻ വാതിൽ തുറന്നു തന്നു. വിദൂരമല്ലാത്ത നിലക്ക് ഞാൻ നടന്നു. വിശപ്പിന്റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി(സ) വന്നു എന്റെ തലക്കരികിൽ നിന്നു.  അദ്ദേഹം സ്‌നേഹപൂർവ്വം വിളിച്ചു: 'അബൂഹുറൈറാ.' പ്രവാചകരേ! ഞാനിതാ താങ്കൾക്കുത്തരം നൽകുന്നുവെന്ന് ഞാൻ പറഞ്ഞു. നബി(സ) എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നെ ബാധിച്ച അവശത അദ്ദേഹം മനസ്സിലാക്കി. എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. 


എനിക്ക് ഒരു വലിയ കോപ്പ പാൽ തരാൻ കൽപ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോൾ പിന്നെയും കുടിക്കാൻ കൽപ്പിച്ചു. ഞാൻ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാൻ കുടിച്ചു. അവസാനം ചുളിവെല്ലാം നിവർന്ന് വയറ് ഒരു കോപ്പ പോലെയായി. അനന്തരം ഞാൻ ഉമറിനെ കണ്ടു. അപ്പോൾ എന്റെ കഥ അദ്ദേഹത്തെ ഉണർത്തി. ഞാൻ പറഞ്ഞു: അക്കാര്യം നിറവേറ്റാൻ താങ്കളേക്കാൾ അർഹനായ ഒരാളെ അല്ലാഹു എനിക്ക് സൗകര്യപ്പെടുത്തിത്തന്നു. അല്ലാഹു സത്യം! ഒരായത്തോതാൻ ഞാനാവശ്യപ്പെട്ടപ്പോൾ ആ ആയത്തോതാൻ താങ്കളേക്കാൾ എനിക്കറിവുണ്ടായിരുന്നു. (എന്റെ വിശപ്പിന്റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ അപ്രകാരം ആവശ്യപ്പെട്ടത്). ഉമർ പറഞ്ഞു: നിങ്ങളെ എന്റെ വീട്ടിൽ വരുത്തി ആഹാരം നൽകുന്നത് ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയം നിറഞ്ഞതാണ്.' (ബുഖാരി 5375). വിശപ്പിന്റെ കാഠിന്യം സഹിച്ചും ജീവിതത്തെ തഖ്‌വയിൽ ഉറപ്പിച്ച് നിർത്തിയും പരസ്പരം സ്‌നേഹിച്ചും കഴിഞ്ഞ ആ കാലത്തെ നന്മകളെയാണ് ഏതു കാലത്തും വിശ്വാസികൾ ഉൾക്കൊള്ളേണ്ടത്. 


ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന  ജനസമൂഹങ്ങളുടെ കരളലിയിപ്പിക്കുന്ന ധാരാളം കദനകഥകൾ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു. പകൽ മുഴുവൻ നോമ്പെടുത്ത് ഇഫ്താറിന്റെ നേരത്തുപോലും കാര്യമായി ഒന്നും കഴിക്കാനില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇന്ന് നമ്മുടെ മുമ്പിലെത്തുന്നു. ഈ സന്ദർഭത്തിലാണ് ഇഫ്താറിന്റെ കൊതിയൂറും വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചും സ്റ്റാറ്റസ് ആക്കിയും വിശ്വാസികളിൽ തന്നെ ഒരു വിഭാഗം റമദാനിനെ ഒരു ഭക്ഷണമാസമായി ആഘോഷിക്കുന്നത്. പതിനാല് മണിക്കൂറോളം അന്നപാനീയങ്ങളിൽ നിന്നും മാറി നിന്ന് പുണ്യം പ്രതീക്ഷിച്ചിരുന്നവർ തന്നെയാണ് ഇഫ്താർ എന്ന പുണ്യകർമ്മത്തിലൂടെ അതിന്റെ സകല പവിത്രതകളും കളഞ്ഞുകുളിക്കുന്നത്.

റമദാൻ വിശ്വാസികൾക്ക് നൽകുന്ന പ്രധാന പരിശീലനങ്ങളിൽ ഒന്നാണ് ഭക്ഷണ നിയന്ത്രണം. എന്നാൽ പലപ്പോഴും റമദാൻ വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ മാസമായി മാറുന്നു എന്നത് വിധിവൈപരീത്യം.  റമദാൻ ആരംഭിക്കുന്നതിനു മുമ്പ് തന്നെ വാണിജ്യസ്ഥാപനങ്ങൾ ഭക്ഷണവിഭവങ്ങളുടെ പരസ്യങ്ങളുമായി കടന്നുവരുന്നു. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുടെ നോട്ടീസുകൾ പകിട്ടാർന്ന കടലാസുകളിൽ ആകർഷണീയമായി അച്ചടിച്ചും വലിയ ഫഌക്‌സുകൾ സ്ഥാപിച്ചും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിച്ചും വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ പാർട്ടിക്കാരും റമദാനിനെ തീറ്റക്കൊതിയന്മാരുടെ മാസമായി അവതരിപ്പിക്കുന്നത് അല്ലാഹു പവിത്രമാക്കിയ മാസത്തോടും വ്രതം എന്ന പരിശുദ്ധമായ കർമ്മത്തോടും ചെയ്യുന്ന ക്രൂരതയാണ്. 
റമദാൻ നമുക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ പരിശീലനമാണ് ആഹാരനിയന്ത്രണം. റമദാനിൽ ആർജ്ജിച്ചെടുക്കാൻ സാധിക്കുന്ന ഈ നിയന്ത്രണം വരും മാസങ്ങളിലും നിലനിർത്തിക്കൊണ്ടുപോകുമ്പോൾ മാത്രമേ 'ലഅല്ലകും തത്തഖൂൻ' എന്ന ജീവിത വിശുദ്ധിയുടെ യഥാർത്ഥ പാഠങ്ങളിലേക്ക് റമദാനും വ്രതാനുഷ്ഠാനവും നമ്മെ കൈപിടിച്ചുയർത്തുകയുള്ളൂ. 
 

Latest News