കോവിഡ് ചികിത്സയ്ക്ക് ഹെപറ്റൈറ്റിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി; ഓക്‌സിജന്‍ ആശ്രയം കുറക്കാം

ന്യൂദല്‍ഹി- തീവ്രത കുറഞ്ഞ കോവിഡുള്ള രോഗികളെ ചികിത്സിക്കാന്‍ ഹെപ്പറ്റൈറ്റിസ് സി വൈറസ് രോഗത്തിനുള്ള മരുന്നായ വൈരഫിന്‍ ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. അടിയന്തിര സാഹചര്യങ്ങളിലെ ഇതുപയോഗിക്കാവൂ എന്നാണ് ചട്ടം. വൈരഫിന്‍ മരുന്നിന്റെ നിര്‍മാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലുടനീളം 25ഓളം കേന്ദ്രങ്ങളില്‍ കോവിഡ് രോഗികളില്‍ ഈ മരുന്ന് പ്രയോഗിച്ച് പരീക്ഷിച്ചിരുന്നു. ഇവര്‍ ഓക്‌സിജന്‍ കാര്യമായി വേണ്ടി വന്നില്ലെന്നാണ് കണ്ടെത്തല്‍. കോവിഡ് മൂലമുണ്ടാകുന്ന ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ വൈരഫിന്‍ സഹായിക്കുന്നുവെന്നാണ് പരീക്ഷണ ഫലം സൂചിപ്പിക്കുന്നതെന്ന് സൈഡസ് കാഡില പറയുന്നു. കോവിഡ് ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗികളുടെ ശ്വസന തടസ്സം.

ആന്റി വൈറല്‍ മരുന്നായ വൈരഫിന്‍ ഒറ്റ ഡോസ് നല്‍കിയാല്‍ തന്നെ രോഗിയെ ചികിത്സിക്കുന്നത് എളുപ്പമാകുന്നു. കോവിഡ് ബാധയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഈ മരുന്ന് നല്‍കിയാല്‍ രോഗിക്ക് വേഗത്തില്‍ രോഗമുക്തി നേടാനും കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും കഴിയുമെന്നും കമ്പനി പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം ആശുപത്രികളില്‍ ഉപയോഗിക്കാന്‍ മാത്രമെ ഈ മരുന്ന് ലഭിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചു.

Latest News