ന്യൂദല്‍ഹി- കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കോവിഡ് ചികിത്സ അവതാളത്തിലായി നിരവധി പേര്‍ മരിച്ച സംസ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ റെയില്‍വെ പ്രത്യേക ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയ്‌നുകള്‍ ആരംഭിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ നിറച്ച ടാങ്കറുകള്‍ വഹിച്ചുള്ള ട്രെയ്‌നുകള്‍ ഏറ്റവുമധികം ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മഹാരാഷ്ട്രയാണ് റെയില്‍വെയോട് ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഓക്‌സിജന്‍ ടാങ്കറുകളുമായി പ്രത്യേക ട്രെയ്ന്‍ മഹാരാഷ്ട്രയില്‍ ഉടന്‍ എത്തും. ഏഴു ടാങ്കറുകളുള്ള റോ-റോ ട്രെയ്‌നാണിത്.
ഗുജറാത്തിലെ ബൊകാറോ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുള്ള ഓക്‌സിജനുമായി മറ്റൊരു ട്രെയ്ന്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലേക്കും പുറപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് കൂടുതല്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയ്‌നുകള്‍ ഓടിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.
ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓടിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര, യുപി, ആന്ധ്ര, ദല്‍ഹി സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. ഗുജറാത്തിലെ ബൊകാറോ ഉരുക്കു ശാല, ജാംനഗറിലെ റിഫൈനറി, ഒഡിഷയിലെ റൂര്‍ക്കെല ഉരുക്കുശാല എന്നിവിടങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. ഒഡിഷയിലെ അംഗുലില്‍ നിന്ന് വിജയവാഡയിലേക്ക് ട്രെയ്‌നില്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന് ആന്ധ്രയും ആവശ്യപ്പെട്ടിരുന്നു.