കാസര്‍കോട്- പതിനൊന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന് 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. പാക്‌സോ പ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് ജയില്‍ ശിക്ഷ.
കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ ഹനീഫ എന്ന മദനിയെയാണ് (42) കാസര്‍കോട് ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്ജി ടി.കെ. നിര്‍മല ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസംകോടതി കണ്ടെത്തിയിരുന്നു.
പുല്ലൂര്‍ ഉദയനഗറിലെ മദ്രസയില്‍ ജോലി ചെയ്തുവരുന്നതിനിടെ, 2016 മേയ് 31ന് രാത്രി അധ്യാപകന്റെ മുറിയില്‍വെച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്നത്തെ അമ്പലത്തറ എസ്.ഐ എം.ഇ. രാജഗോപാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.