ഒരു വാക്‌സിന് മൂന്നു വില ഭ്രാന്തന്‍ നയമെന്ന് ചെന്നിത്തല

തിരുവനന്തപുരം- കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സിന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണ്. ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഒരേ വാക്സിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണ്. ഇത് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന അതേ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ 400 രൂപയാകും. കേന്ദ്ര സര്‍ക്കാരിന് ഒരു വില. സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വില. എന്തു തരം നയമാണിത്- പ്രതിപക്ഷ നേതാവ് ആരാഞ്ഞു.

 

Latest News