വായന പകരുന്ന പരമാനന്ദം ധാരാളം പേർ ഇന്ന് നവമാധ്യമങ്ങളിൽ എഴുതുന്നു, വായിക്കുന്നു. പുസ്തക പ്രകാശനം കോവിഡ് കാലഘട്ടത്തിലും എല്ലാ പരിമിതികൾക്കകത്ത് നിന്നുകൊണ്ടും വെർച്വൽ പ്ലാറ്റ്ഫോം വഴിയും മറ്റും നടത്തുന്നു. ഇതിൽ നിന്നും ഉൾക്കൊള്ളേണ്ടത് 'വായന മരിക്കില്ല' എന്ന നിത്യസത്യമാണ്. ടെക്നോളജി എത്ര പുരോഗമിച്ചാലും ലോകമുള്ളിടത്തോളം പുസ്തകങ്ങൾക്കും പ്രാധാന്യം ഉണ്ടാവും എന്ന് തന്നെയാണ്.
ഏപ്രിൽ 23 ലോക പുസ്തക ദിനം. 'വിപ്ലവം വായനയിലൂടെ' എന്ന മുദ്രാവാക്യത്തിന്റെ പൊരുളറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികൾ പുസ്തക ദിനം ആഘോഷിക്കുന്നു. ഈ ദിനം ലോക പകർപ്പവകാശ ദിനമായും അറിയപ്പെടുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള ഓർമപ്പെടുത്തലാണ് ഓരോ പുസ്തക ദിനവും നൽകുന്നത്.
പുസ്തക ദിനാചരണത്തിലൂടെ എവിടെയും സാംസ്കാരികമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്.
വില്യം ഷേക്സ്പിയറിന്റെയും ഗാർസിലാസോ ഡി ലാവേഗയുടെയും സ്പെയിനിലെ വിഖ്യാത എഴുത്തുകാരനായ മിഖായേൽ ഡി സെർവാന്റെയും ചരമദിനമാണ് പുസ്തക ദിനമായി ആചരിക്കുന്നത്. ഈ മഹാന്മാരോടുള്ള ആദരസൂചകമയാണ് 1995 ൽ ലോക പുസ്തക ദിനം ആചരിക്കുവാൻ യുനെസ്കോ പൊതുസമ്മേളനത്തിൽ തീരുമാനിച്ചത്.ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രിൽ 23 നാണെന്നതും ഈ ദിനം ലോക പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.
ചരിത്രപരമായ വിജ്ഞാനം, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും മാറി വരുന്ന പുതിയ ടെക്നോളജിയും അറിവും വരുംതലമുറക്കായി രേഖയാക്കി വെയ്ക്കാനും പുസ്തകങ്ങളിലൂടെ സാധിച്ചെടുക്കുന്നു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ ഏത് കാലഘട്ടത്തിലും ഒഴിച്ചുകൂടാനാവാത്തതായി തന്നെ നിലനിൽക്കുന്നു. പുസ്തക ദിനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വായനയുടെ പ്രചാരകനായ പി.എൻ. പണിക്കരെ ഏറെ കൃതജ്ഞതയോടെ സ്മരിക്കാം.
'നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ' എന്നാണ് സുകുമാർ അഴീക്കോട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാരഥിയായിരുന്ന മഹാനായ പി.എൻ. പണിക്കരെ വിശേഷിപ്പിച്ചിരുന്നത്. ഗ്രന്ഥശാലാ സംഘമെന്നത് പോലെ സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.എൻ. പണിക്കർ. സനാതന ധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്നു കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു വളർന്ന അദ്ദേഹം വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോൾ വയസ്സ് 17 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
സർക്കാരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി അദ്ദേഹം മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി. മുപ്പത്തിരണ്ട് വർഷക്കാലം ഗ്രന്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായി പി.എൻ. പണിക്കർ പ്രവർത്തിച്ചു. സർക്കാർ ഇത് ഏറ്റെടുത്തതോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്.
''വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക''എന്ന് മരണം വരെ ഉരുവിട്ട മഹദ് വ്യക്തിത്വത്തിന്റെ ചരമദിനമായ ജൂൺ 19 വായനാദിനമായും നാം ആചരിക്കുന്നു. ജന്മദിനത്തിനും മറ്റും മക്കൾക്കിഷ്ടമുള്ളവ സമ്മാനിക്കുന്നതിനോടൊപ്പം മൂല്യമുള്ള ഒരു പുസ്തകവും കൂടി നൽകുക. അവരും വായിച്ചു വളരട്ടെ, ചിന്തിച്ചു വിവേകം നേടട്ടെ.
അറിവിന്റെ ഖനികളാണ് നല്ല പുസ്തകങ്ങൾ. വായന ഓരോ വ്യക്തിയുടെയും ബുദ്ധിയിലും ചിന്തയിലും കാര്യമായ മാറ്റം ഉണ്ടാക്കുന്നു. തെളിച്ചവും വെളിച്ചവുമുള്ളതാക്കിത്തീർക്കുന്നു. ശരീരത്തിന്റെ പൂർണമായ ആരോഗ്യത്തിന് വ്യായാമം എന്ന പോലെ മനസ്സിനും വ്യായാമം ആവശ്യമാണ്. അത് വായനയിലൂടെ നേടാനാവുന്നു. വായനയിലൂടെ നേടുന്ന ജ്ഞാനം ലോകത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ ഹൃദയവും വിശാലമാക്കുമ്പോൾ പിരിമുറുക്കങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. വേദനകൾ, നഷ്ടങ്ങൾ എല്ലാം സഹിക്കാൻ മനസ്സിന് കരുത്ത് നൽകുന്നു. ധ്യാനപൂർണമായ ഗ്രന്ഥപാരായണത്തിലൂടെ മനഃസമാധാനം കൈവരിക്കാനാവുന്നു. വായനയുടെ അനന്ത സാധ്യതകളെ നെഞ്ചിലേറ്റി അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിക്കുമ്പോൾ പുതിയ ഏതോ ഒരു ലോകത്തിന്റെ അനുഭൂതിയിൽ ലയിക്കുന്നു. അങ്ങനെ പുസ്തക വായന മനുഷ്യ മനസ്സുകളിൽ മായാപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു.
മൂല്യമുള്ള പുസ്തകങ്ങൾ സമ്മാനിക്കുക വഴി ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും സൃഷ്ടിച്ചെടുക്കാനാവുന്നു. അതുകൊണ്ടു മൂല്യമുള്ള പുസ്തകങ്ങൾ വായിക്കുവാൻ അവസരം ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.
അതുപോലെ ധാരാളം പേർ ഇന്ന് നവമാധ്യമങ്ങളിൽ എഴുതുന്നു, വായിക്കുന്നു. പുസ്തക പ്രകാശനം കോവിഡ് കാലഘട്ടത്തിലും എല്ലാ പരിമിതികൾക്കകത്ത് നിന്നുകൊണ്ടും വെർച്വൽ പ്ലാറ്റ്ഫോം വഴിയും മറ്റും നടത്തുന്നു. ഇതിൽ നിന്നും ഉൾക്കൊള്ളേണ്ടത് 'വായന മരിക്കില്ല' എന്ന നിത്യസത്യമാണ്. ടെക്നോളജി എത്ര പുരോഗമിച്ചാലും ലോകമുള്ളിടത്തോളം പുസ്തകങ്ങൾക്കും പ്രാധാന്യം ഉണ്ടാവും എന്നു തന്നെയാണ്.