പ്രധാനമന്ത്രിയുടെ കോവിഡ് യോഗം ലൈവായി കാണിച്ചു, കെജ്‌രിവാളിന് മോഡിയുടെ ശാസന, മാപ്പു പറഞ്ഞു

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം തത്സമയം ടെലികാസ്റ്റ് ചെയ്ത ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മോഡി ശാസിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ഇത് ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് തത്സമയം ടെലികാസ്റ്റ് ചെയ്തു. ഇതറിഞ്ഞ പ്രധാനമന്ത്രി മോഡി കെജ്‌രിവാള്‍ സംസാരിക്കുന്നതിനിടെ ഇടപെടുകയും ലൈവ് നല്‍കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. 'എന്താണ് ചെയ്യുന്നത്... ഇത് നമ്മുടെ രീതിക്ക് എതിരാണ്. ഒരു സ്വകാര്യ യോഗം ഒരു മുഖ്യമന്ത്രി ലൈവായി പുറത്ത് കാണിക്കുന്നത് പ്രോട്ടോകോളിന് എതിരാണ്,' പ്രധാനമന്ത്രി ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഇതൊരിക്കലും ശരിയല്ല, നാം എല്ലായ്‌പ്പോഴും നിര്‍ബന്ധമായും പരിധികള്‍ പാലിക്കണം- മോഡി കെജ്‌രിവാളിനെ ശാസിച്ചു.

'ശരി സര്‍, ഇനി കൂടുതല്‍ ശ്രദ്ധപുലര്‍ത്താം' എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. തുടര്‍ന്ന് അദ്ദേഹം തന്റെ സംസാരം പൂര്‍ത്തിയാക്കുകയും അവസാനം ക്ഷമാപണം നടത്തുകയും ചെയ്തു. 'എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാനൊരിക്കലും കടുപ്പിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പാലിക്കും'- കെജ്‌രിവാള്‍ പറഞ്ഞു.

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ആദ്യമായാണ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. കെജ്‌രിവാള്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.
 

Latest News