Sorry, you need to enable JavaScript to visit this website.

വാക്‌സിന് വില: സംസ്ഥാനത്തിന് അധിക ബാധ്യത ആയിരം കോടി

തിരുവനന്തപുരം- കോവിഡ് പ്രതിരോധ മരുന്നിന് ഉയര്‍ന്ന വിലയീടാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയംമാറ്റത്തോടെ സംസ്ഥാനത്തിന് വരാനിരിക്കുന്നത് കോടികളുടെ ബാധ്യത. കമ്പനികള്‍ എത്ര വില ഈടാക്കിയാലും സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്തമാസത്തോടെ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ ഏതുമുന്നണിയുടേതായാലും ഇപ്പോഴത്തെ തീരുമാനത്തില്‍നിന്ന് പി്ന്മാറാനുമാവില്ല. 18 വയസ്സിനുമുകളിലുള്ള എത്രപേര്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വാക്‌സിന്‍ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചാകും സംസ്ഥാനത്തിന് ബാധ്യത വരുക. 750നും 1000 കോടിക്കുമിടയില്‍ തുക ഇതിനായി കണ്ടെത്തേണ്ടിവരുമെന്നാണ് ഏകദേശ വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ നിരക്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്നാണ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു വാക്‌സിനായ കോവാക്‌സിന്റെ വില നിര്‍മാതാക്കളായ ഭാരത് ബയോടെക് പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസത്തോടെ നിര്‍മാതാക്കളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നേരിട്ട് വാങ്ങാനാകും. ഇതോടെ സ്വകാര്യ ആശുപത്രികള്‍ അധികതുക ഈടാക്കിയേക്കുമെന്ന് ആശങ്കയുമുണ്ട്.
നിലവില്‍ മരുന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും 45ന് മുകളിലുള്ളവര്‍ക്കും ഇപ്പോഴത്തെ രീതിയില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരില്‍ 74 ശതമാനംപേരും മുന്‍നിര ആരോഗ്യപ്രവര്‍ത്തകരില്‍ 57 ശതമാനംപേരും മാത്രമാണ് രണ്ടാം ഡോസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 45നുമേല്‍ പ്രായമായവരില്‍ 1.13 കോടിപേര്‍ക്കാണ് മരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 16 ശതമാനവും.

Latest News