Sorry, you need to enable JavaScript to visit this website.

മകളുടെ ജഡം പുഴയിലൊഴുകുമ്പോൾ സനുമോഹൻ തിയേറ്ററിൽ

കൊച്ചി - മകൾ വൈഗയുടെ മൃതദേഹത്തിനായി മുട്ടാർ പുഴയിൽ പോലീസ് തിരയുമ്പോൾ അച്ഛൻ സനുമോഹൻ കോയമ്പത്തൂരിൽ സിനിമ കാണുകയായിരുന്നുവെന്ന് പോലീസ്. കോയമ്പത്തൂരിലെ തിയേറ്ററിൽ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റും കണ്ട് ഓൺലൈൻ ചൂതാട്ടവും നടത്തിയാണ് സനു രണ്ട് ദിവസം ചെലവഴിച്ചത്. കോയമ്പത്തൂരിലെ തീയേറ്ററിലടക്കം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം സനുവിനെയും കൊണ്ട് സേലത്തേക്ക് പോയി.
കോയമ്പത്തൂരിൽ സനു വിറ്റ രണ്ട് സ്വർണ മോതിരവും കൈവളയും കടയിൽനിന്ന് കണ്ടെടുത്തു. 50,000 രൂപയ്ക്കാണ് സനുവിന്റെയും വൈഗയുടെയും ആഭരണങ്ങൾ വിറ്റത്. സനു വിറ്റ കാർ ഫോറൻസിക് പരിശോധനകൾക്കായി വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അര ലക്ഷം രൂപയ്ക്കാണ് കാറും വിറ്റത്. കോയമ്പത്തൂരിൽ താമസിച്ച ലോഡ്ജുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.


വൈഗയുടെ മൃതദേഹം കണ്ടെത്തിയ 22 ന് രാത്രിയിലും പിറ്റേന്നും തിയേറ്ററിലെത്തി സിനിമ കണ്ടതായി സനു പോലീസിനോട് പറഞ്ഞു. സ്വർണവും കാറും വിറ്റ പണം ചൂതാട്ടത്തിന് ഉപയോഗിച്ചു. ബാറുകളിൽ പോയി മദ്യപിച്ചു. മകൾ മരിച്ചതിൽ സനുവിന് വിഷമമൊന്നുമുണ്ടായിരുന്നില്ലെന്നും പലപ്പോഴും മാനസിക വിഭ്രാന്തിയുള്ളയാളെ പോലെ പെരുമാറിയെന്നും പോലീസ് വ്യക്തമാക്കി. വാളയാർ ചെക്ക് പോസ്റ്റ് മുതലുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
കങ്ങരപ്പടിയിലെ ഫ്ളാറ്റിൽനിന്ന് ലഭിച്ച രക്തം വൈഗയുടെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായി. വൈഗയെ ശരീരത്തോട് ചേർത്ത് നിർത്തി ശ്വാസം മുട്ടിച്ചപ്പോൾ മൂക്കിൽനിന്ന് വീണ രക്തമായിരുന്നു ഇത്. ഈ രക്തം പുതപ്പ് ഉപയോഗിച്ച് തുടച്ച ശേഷം വൈഗയെ അതേ പുതപ്പിൽ പൊതിഞ്ഞാണ് കാറിലേക്ക് കിടത്തിയതെന്ന് സനു ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. സേലത്തെ തെളിവെടുപ്പിന് ശേഷം ബംഗളൂരു, മുംബൈ, മുരുഡേശ്വർ, കൊല്ലൂർ, ഗോവ, കാർവാർ എന്നിവിടങ്ങളിലുമെത്തിച്ച് തെളിവെടുക്കും. ഇവിടങ്ങളിൽ വെച്ച് മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സനുമോഹൻ വെളിപ്പെടുത്തിയിരുന്നു. 


ഗോവയിലെ ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപെടുത്തിയെന്ന സനുമോഹൻ പറഞ്ഞ കഥകൾ സത്യമാണോയെന്ന് പരിശോധിക്കും. സനുമോഹനെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന അതത് സംസ്ഥാനങ്ങളിലെ പോലീസിനോട് അന്വേഷണ സംഘം സഹായം തേടിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ ഭാര്യയെ ഒപ്പം നിർത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യും. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്കുള്ളിൽ കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്ന് പോലീസ് അറിയിച്ചു.


 

Latest News