തിരുവനന്തപുരം- സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർഭരണം ഉണ്ടാകുമെങ്കിലും സി.പി.ഐക്ക് സീറ്റുകൾ കുറയുമെന്ന് വിലയിരുത്തൽ. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സി.പി.ഐക്ക് തിരിച്ചടിയുണ്ടാവുമെന്ന് പാർട്ടി കണ്ടെത്തിയത്. 80 അധികം സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിൽത്തും.
എന്നാൽ പാർട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കുറച്ച് സീറ്റുകളാകും ലഭിക്കുകയെന്ന് യോഗം വിലയിരുത്തി. പാർട്ടി ജില്ലാ ഘടകങ്ങൾ നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
17 സീറ്റിലാണ് ഇത്തവണ സി.പി.ഐ വിജയം പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴ, തൃശൂർ, ചേർത്തല, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടന്നതെന്നും സിറ്റിംഗ് സീറ്റായ തൃശൂർ സീറ്റ് നഷ്ടമായേക്കുമെന്നും നേതൃയോഗം വിലയിരുത്തി. മലപ്പുറം തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നും പാർട്ടി വിലയിരുത്തുന്നു.
25 സീറ്റിലാണ് ഇത്തവണ സി.പി.ഐ മത്സരിച്ചത്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച് 19 സീറ്റ് നേടിയിരുന്നു. പിണറായി മന്ത്രിസഭയിൽ നാല് അംഗങ്ങളാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി പലയിടത്തും ഭിന്നാഭിപ്രായം ഉയർന്നിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സി.പി.ഐ പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമർശനത്തിന് കാരണമായി. രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പാർട്ടി വിലയിരുത്തൽ. വോട്ടെടുപ്പിന് പിന്നാലെ ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നവർക്കെതിരെ സി.പി.ഐ അച്ചടക്ക നടപടിയെടുത്തിരുന്നു.