സാഹിസകരെ കാത്ത് നാരകക്കാനം

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറഞ്ഞത് പോലെയാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കാര്യം. ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെ കുറിച്ചാവും ആദ്യ ആലോചന. ഊട്ടി, ബംഗളൂരു, കൊടൈക്കനാൽ, ചെന്നൈ എന്നിങ്ങനെ പട്ടിക നീളുന്നു. ഇനി അതല്ല. അൽപം സാഹസികതയാവാമെന്ന് കരുതുന്നവർക്കാണെങ്കിൽ ഡാർജിലിംഗ്, മസൂറി, ഷിംല അങ്ങനെയൊക്കെയാവും ചോയ്‌സ്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഗൗനിക്കാൻ ആരും തയാറാവുന്നില്ല.  സാഹസിക യാത്രികരെ സംബന്ധിച്ച് രണ്ടാമതൊന്നാലോചിക്കാതെ തെരഞ്ഞെടുക്കാവുന്നതാണ്  ഇടുക്കിയിലെ നാരകക്കാനം.  വന്യഭംഗിയാൽ അനുഗൃഹീതമായ നാരകക്കാനത്ത് സാഹസികരെ കാത്തിരിക്കുന്നത് നാരകക്കുന്നം തുരങ്കമാണ്. എറണാകുളം - കോതമംഗലം റൂട്ടിൽ യാത്ര ചെയ്ത് ചെറുതോണി വഴി ഇടുക്കിയിലെത്താം. ഇവിടെ നിന്നു പത്ത് കിലോമീറ്ററിനടുത്ത് യാത്ര ചെയ്താൽ നാരകക്കാനമായി. ബസിലോ ജീപ്പിലോ നാരകക്കാനത്തെത്താം. മെയിൻ റോഡിൽ നിന്ന് മുന്നൂറു മീറ്റർ സഞ്ചരിക്കുമ്പോൾ നാരക്കുന്നം തുരങ്കം കാണാം. വനപ്രദേശമായതിനാൽ കാൽനടയായി വേണം ഇവിടെയെത്താൻ.
ഇടുക്കിയിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് നാരകക്കാനം. ആൾ താമസം വളരെ കുറഞ്ഞ പ്രദേശം. ഒരു വശത്ത് മലനിരകളും മറുവശത്ത് അധികം താഴ്ചയില്ലാത്ത കൊക്കകളും നിറഞ്ഞതാണ് ഭൂപ്രകൃതി. പ്രധാന റോഡിൽ നിന്ന് ഉള്ളിലേക്ക് ക്ഷണിക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഏകദേശം മുന്നൂറു മീറ്റർ സഞ്ചരിച്ചാൽ തുരങ്കത്തിനടുത്തെത്താം. താഴ്ന്ന പ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ ആ വെള്ളം തടഞ്ഞുനിർത്തി ഒരു കിലോമീറ്റർ അകലെയുള്ള ഇടുക്കി ഡാമിന്റെ  റിസർവോയറിൽ എത്തിക്കുന്നതിനാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. തുരങ്കത്തിന് ചുറ്റുമുള്ള പ്രദേശം ഘോര  വനമാണ്. പ്രദേശത്തെത്തിയാൽ ആദ്യം കണ്ണിൽ പെടുന്നത് തടയണയാണ്. ഇതിനു സമീപത്തായി ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട്. കുറവൻ മലയും കുറത്തി മലയും ചേർത്താണ് ഇടുക്കി ഡാം നിർമിച്ചിരിക്കുന്നത്. ഇതിൽ കുറത്തി മലയുടെ ഉള്ളിലൂടെയാണ് നാരകക്കാനം തുരങ്കം കടന്നു പോകുന്നത്. ഒരു കിലോമീറ്ററാണ് തുരങ്കത്തിന്റെ  നീളം. വെള്ളം ഒഴുകുന്ന ചാലിലൂടെ കാൽ മുട്ട് വരെ വെള്ളത്തിൽ അൽപദൂരം നടന്നാൽ ജയിലിലെ അഴികൾ പോലെ തോന്നിപ്പിക്കുന്ന വലിയ അഴികൾ ഇട്ട ഒരു വലിയ മുറി കാണാം. മലവെള്ളപ്പാച്ചിലിൽ ഒഴുകി വരുന്ന വലിയ മരത്തടികളും മറ്റും നിറഞ്ഞു തുരങ്കം അടഞ്ഞു പോകാതിരിക്കാൻ ആണ് ഈ അഴികൾ. തടയണയിൽ നിന്നും വെള്ളച്ചാട്ടത്തിൽ നിന്നും വരുന്ന വെള്ളം മുഴുവനും ആ മുറിയിൽ നിന്നാരംഭിക്കുന്ന തുരങ്കത്തിലൂടെ ഒഴുകിപ്പോകുന്നുണ്ട്.  തുരങ്കത്തിന്റെ  തുടക്കത്തിൽ നിന്ന് ഉള്ളിലേക്ക് നോക്കിയാൽ ഇരുട്ടിനപ്പുറം ഒറ്റ രൂപ വട്ടത്തിൽ പ്രകാശവലയം കാണാം. ഗുഹയിലേക്ക് കടന്നാൽ കാഴ്ചയിൽ ആദ്യം നിറയുന്നത് ഇരുട്ടാണെങ്കിലും ദൂരെ കാത്തിരിക്കുന്ന പ്രകാശം തേടി യാത്ര തുടങ്ങാം. ശരീരവും മനസ്സും കുളിർപ്പിക്കുന്ന വെള്ളാരംകല്ലു പോലെ തെളിഞ്ഞ വെള്ളം നീന്തി വേണം യാത്ര ചെയ്യാൻ. കല്ലും മണ്ണുമൊക്കെ താണ്ടി വേണം അങ്ങേയറ്റത്തെത്താൻ. കൂട്ടിന് റിസർവോയറിൽനിന്നു വരുന്ന കോടക്കാറ്റും ചേർന്ന അതിസുന്ദരമായ അനുഭവം. … ഗുഹയിൽ നിന്നൊഴുകിയിറങ്ങുന്ന വെള്ളം പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങി കുറച്ചപ്പുറത്തുള്ള ഇടുക്കി ഡാമിന്റെ റിസർവോയറിലേക്ക് ഒഴുകി വീഴുന്നു. പാറക്കല്ലിൽ ചെറിയ താളത്തിൽ തലതല്ലിയൊഴുകുന്ന വെള്ളം. വെള്ളം ചെന്നു പതിക്കുന്നയിടവും നിബിഢ വനമാണ്.  
 

Latest News