കേരളം പണം മുടക്കി വാക്‌സിന്‍ വാങ്ങുന്നു, സഹായവുമായി പൊതുജനം, ഒറ്റദിവസം ലഭിച്ചത് 40 ലക്ഷം

തിരുവനന്തപുരം- കേന്ദ്രത്തിന്റെ സഹായത്തിനു കാത്തു നില്‍ക്കാതെ വിപണി വില കൊടുത്ത് വാക്‌സിന്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. കമ്പനികളില്‍ നേരിട്ടു തന്നെ വാങ്ങാനാണ് നീക്കം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതിനായി ഉന്നത തല സമിതി കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ് സമിതിയിലുള്ളത്. ചര്‍ച്ചകള്‍ നടത്തി ഇവര്‍ വാക്‌സിന്‍ ഓര്‍ഡര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യതയും വന്‍ചെലവും വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ വേറിട്ട പ്രതിഷേധവും ശക്തമായി വരുന്നു. വിപണി വില കൊടുത്ത് വാക്‌സിന്‍ വാങ്ങേണ്ടി വരുന്ന സര്‍ക്കാരിനെ വാക്‌സിന്‍ ഡോസുകളുടെ വില നല്‍കി സഹായിക്കുന്ന പുതിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലായികക്കൊണ്ടിരിക്കുകയാണ്. വാക്‌സിനെടുത്തവര്‍ അതിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊണ്ടാണ് പ്രതിഷേധം. ഇന്നു മാത്രം 40 ലക്ഷം രൂപയാണ് ഇങ്ങനെ ദുരിതാശ്വാസ നിധിയിലെത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ പൊതുജനം സര്‍ക്കാരിനെ സഹായിക്കാന്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത്. മുഖ്യമന്ത്രി ഈ നീക്കത്തെ പ്രശംസിക്കുകയും ചെയ്തു.

Latest News