VIDEO ഇന്ത്യ നിലവിളിക്കുന്നു 'ഞങ്ങള്‍ക്ക് ശ്വസിക്കാനാകുന്നില്ല', ഓക്‌സിജന്‍ കിട്ടാതെ ആശുപത്രികളില്‍ കൂട്ടമരണം

ന്യൂദല്‍ഹി- കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഓക്‌സിജന്‍ ലഭിക്കാതെ ആശുപത്രികള്‍ വലയുന്നു. ദല്‍ഹിയില്‍ ആറ് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണ്. ഇവിടെ ചികിത്സയില്‍ കഴിയുന്നവരുടെ കാര്യം കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആശുപത്രികള്‍ക്കു പുറത്ത് രോഗികളുടെ ബന്ധുക്കള്‍ തെരുവില്‍ ഓക്‌സിജനു വേണ്ടി കേഴുകയാണ്. ആശുപത്രികളില്‍ കിടക്കകളും ഐസിയുവും ഒഴിവില്ലാത്തതിനാല്‍ നിരവധി രോഗികള്‍ ആശുപത്രി പരിസരത്തും തമ്പടിച്ചിരിക്കുന്ന കാഴ്ചയാണ് ദല്‍ഹിയില്‍. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളൊന്നും മതിയാകുന്നില്ല. 'ഞങ്ങള്‍ക്ക് ശ്വസിക്കാനാകുന്നില്ല' എന്ന ഹാഷ്ടാഗില്‍ ആശുപത്രികള്‍ക്കു പുറത്തെ കാഴ്ചകളും രോഗികളുടേയും ബന്ധുക്കളുടേയും നിലവിളികളുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഓരോ മണിക്കൂറിലും പത്തിലേറെ കോവിഡ് ബാധിതര്‍ മരിക്കുന്നതായാണ് കണക്ക്. 

ദല്‍ഹിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണമെന്ന് ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നല്‍കിയത് 500 മെട്രിക് ടണ്‍ ആയിരുന്നു. ഇതും തികഞ്ഞില്ല. അനുവദിച്ച ഓക്‌സിജന്‍ ദല്‍ഹിയില്‍ എത്തിക്കുന്നതിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഓക്്‌സിജന്‍ ടാങ്കറുകള്‍ പുറത്തു പോകുന്നത് തടയുന്നതായും ദല്‍ഹി സര്‍ക്കാര്‍ ആരോപിക്കുന്നു. ബംഗാളില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണ് ഓക്‌സിജന്‍ എത്തിക്കുക. ഇവിടങ്ങളില്‍ നിന്നും വേഗമെത്തിക്കാന്‍ വിമാന മാര്‍ഗം ഉപയോഗിക്കാനും നീക്കമുണ്ട്. ഓക്‌സിജന്‍ എത്തിക്കുന്നതിന് വഴി കണ്ടെത്തുന്ന തിരക്കിലാണെന്ന് കേന്ദ്ര സര്‍ക്കാരും പറയുന്നു. 

ടാങ്കറുകള്‍ക്ക് അര്‍ദ്ധസൈനികരുടെ സുരക്ഷാ അകമ്പടി നല്‍കി പ്രത്യേക മാര്‍ഗത്തിലൂടെ ഓക്‌സിജന്‍ ടാങ്കറുകള്‍ ദല്‍ഹിയിലെത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. ഓക്‌സിജന്റെ ലഭ്യത സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രമായി നിയന്ത്രിക്കരുതെന്ന് സംസ്ഥാനങ്ങളോടും കോടതി നിര്‍ദേശിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് കോടതി വിലക്കിയുണ്ട്. 

Latest News