ഇന്ത്യക്കാര്‍ക്ക് 'കൈലാസ' രാജ്യത്തും വിലക്ക്, വരരുതെന്ന് ആള്‍ദൈവം നിത്യാനന്ദ; ട്വിറ്ററിൽ ട്രോളോട് ട്രോൾ

ന്യൂദല്‍ഹി- ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി ഇന്ത്യയില്‍ നിന്ന് മുങ്ങി ഇക്വഡോറിലെ ഒരു ദ്വീപില്‍ കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യമുണ്ടാക്കി ഒളിവില്‍ കഴിഞ്ഞ് കൂടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ ഇന്ത്യക്കാര്‍ തന്റെ രാജ്യത്തേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. മലേഷ്യ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരേയും വിലക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെ ഇക്കാര്യം എക്‌സിക്യൂട്ടീവ് ഉത്തരവ് എന്ന പേരില്‍ അറിയിച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോളായി. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ട്വിറ്ററിലാകെ ചിരിപടര്‍ത്തിയിരിക്കുകയാണ്. 

ലൈംഗിക പീഡനക്കേസില്‍ പോലീസ് പിടികൂടാന്‍ ഒരുങ്ങവെയാണ് 2019ല്‍ നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. പിന്നീട് പൊങ്ങിയത് ഇക്വഡോര്‍ തീരത്തോടടുത്തുള്ള ഒരു ദ്വീപിലാണ്. ഈ ദ്വീപിന് ഹിന്ദു പരമാധികാര രാജ്യമെന്ന് വിശേഷിപ്പിച്ച് കൈലാസമെന്ന് പേരും നല്‍കി. ഒരു രാജ്യമായി അംഗീകരിക്കണമെന്ന് യുഎന്നിനോടും നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ എന്ന പേരില്‍ ആള്‍ദൈവം സ്വന്തമായി കേന്ദ്ര ബാങ്കും തുടങ്ങിയിരുന്നു.
 

Latest News