തബൂക്ക് - സ്വന്തം നാട്ടുകാരനായ എതിരാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാാക്കി പ്ലാസ്റ്റിക് കീസുകളിലാക്കി അഞ്ചു ദിവസം സൂക്ഷിച്ച സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുപതുകാരനാണ് കൊല്ലപെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി യുവാവ് കൊലപാതകം നടത്തിയത്.
അൽമുറൂജ് ഡിസ്ട്രിക്ടിലാണ് സംഭവം. കൊലപാതകത്തിനു ശേഷം കൃത്യം മറച്ചുവെക്കാൻ ശ്രമിച്ച് മൃതദേഹം തുണ്ടംതുണ്ടമാക്കി പ്ലാസ്റ്റിക് കീസുകളിൽ സൂക്ഷിച്ച പ്രതി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഇന്നലെ രാവിലെ വിദേശ തൊഴിലാളികളുടെ സഹായത്തോടെ കീസുകൾ ഉപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. തൊഴിലാളികളിൽ പെട്ട ഒരാളാണ് കീസുകൾക്കകത്ത് മനുഷ്യശരീര ഭാഗങ്ങളാണെന്ന് കണ്ടെത്തി വിവരം പോലീസിൽ അറിയിച്ചത്. റെക്കോർഡ് സമയത്തിനകം പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യത്തെ തുടർന്നാണ് മുപ്പതുകാരൻ കൊലപാതകം നടത്തിയതെന്നും അറസ്റ്റിലായ പ്രതിക്കെതിരായ കേസ് നിയമാനുസൃത നടപടികളെല്ലാം പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും തബൂക്ക് പ്രവിശ്യ പോലീസ് വക്താവ് കേണൽ ഖാലിദ് അൽഗുബാൻ അറിയിച്ചു.