കോഴിക്കോട്- മെയ് പതിനേഴ് മുതൽ സൗദി അറേബ്യ വിമാന വിലക്ക് നീക്കുമ്പോൾ ഇന്ത്യയിൽനിന്നുള്ള യാത്രയിൽ അനിശ്ചിതത്വം നിലനിൽക്കെ നിരവധി പേർ മറ്റു രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പോകുന്നതിനുള്ള വഴി തേടുന്നു. നിലവിൽ വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് സർവീസ് ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനെ തുടർന്നാണ് പ്രവാസികൾ മറ്റു വഴികൾ തേടുന്നത്. നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ വഴിയാണ് കൂടുതൽ പ്രവാസികളും യാത്ര തിരിക്കുന്നത്.
നേപ്പാൾ വഴിയുള്ള യാത്രക്ക് നിരക്ക് കുറവാണെങ്കിൽ അവിടെ എത്തിയ ശേഷം ചെയ്യേണ്ട നടപടിക്രമങ്ങൾ ഏറെ ദുഷ്‌കരമായിരുന്നു. എൻ.ഒ.സി അടക്കം ലഭിക്കാൻ പ്രയാസം നേരിട്ടിരുന്നു. എന്നാൽ എൻ.ഒ.സി ആവശ്യമില്ലെന്ന തീരുമാനം വന്നതോടെ നേപ്പാൾ വഴിയുളള യാത്രയ്ക്ക് കൂടുതൽ പേരെത്തുന്നുണ്ട്. 80,000 രൂപ വരെയാണ് നേപ്പാൾ വഴിയുള്ള യാത്രയ്ക്ക് ചെലവ്. കാഠ്മണ്ഡുവിൽനിന്ന് കുവൈത്ത് വഴിയാണ് സൗദിയിലേക്ക് തിരിക്കുന്നത്.
ബഹ്‌റൈൻ വഴിയുള്ള യാത്രയും പ്രവാസികൾ തെരഞ്ഞെടുക്കുന്നു. 90,000ത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് ബഹ്‌റൈൻ വഴിയുള്ള യാത്രയ്ക്ക് ഏജൻസികൾ ഈടാക്കുന്നത്. ബഹ്‌റൈനിൽനിന്ന് റോഡു മാർഗം ദമാം അൽകോബാറിൽ എത്തിക്കുന്ന പാക്കേജാണിത്. ഇവിടെനിന്ന് പ്രവാസികൾക്ക് അവരവരുടെ നഗരങ്ങളിലേക്ക് യാത്രയാകാം.
മാലിദ്വീപ് വഴിയുള്ള യാത്രയ്ക്ക് ഒരു ലക്ഷത്തിന് മുകളിലാണ് ഈടാക്കുന്നത്. പതിനാറു ദിവസം ഇവിടെ കഴിഞ്ഞതിന് ശേഷം റിയാദ്, ജിദ്ദ എന്നിവടങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.
അതേസമയം, മെയ് പതിനേഴിന് ശേഷം കൂടുതൽ രാജ്യങ്ങളിലേക്ക് സൗദിയിൽനിന്ന് വിമാന സർവീസ് വരുന്നതോടെ യാത്ര നിലവിലുള്ളതിനേക്കാൾ സുഗമമാകും എന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. അതാത് രാജ്യങ്ങളുടെ നിലപാട് കൂടി വ്യക്തമാകുന്നതോടെ കൂടുതൽ രാജ്യങ്ങൾ വഴി സൗദിയിലേക്ക് പോകാനാകും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ചെറിയ പെരുന്നാൾ കൂടി നാട്ടിൽ ചെലവിട്ട ശേഷം തിരിച്ചുപോകാനുള്ള ആലോചനയിലാണ് പ്രവാസികൾ. എന്നാൽ, ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുമ്പോൾ ഇന്ത്യയിൽനിന്നുള്ള മുഴുവൻ യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയുമുണ്ട്. ഏതായാലും ഒന്നേകാൽ കൊല്ലത്തോളമായി സൗദി പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. രാജ്യാന്തര യാത്രാവിലക്ക് സംബന്ധിച്ച് യഥാർത്ഥ സ്രോതസുകളിൽനിന്ന് മാത്രമുള്ള വാർത്തകൾ വിശ്വസിക്കണമെന്ന് ഇന്നലെ സൗദിയ ട്വീറ്റ് ചെയ്തിരുന്നു.