Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ചൈനീസ് അംബാസഡര്‍ താമസിച്ച ഹോട്ടലില്‍ സ്‌ഫോടനം, 4 മരണം

ക്വെട്ട- തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ പട്ടണമായ ക്വെട്ടയില്‍ ചൈനീസ് അംബാസഡര്‍ താമസിച്ച ആഢംബര ഹോട്ടലില്‍ സ്‌ഫോടനം. നാലു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇത് ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് അഹമദ് പറഞ്ഞു. സെറിന ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. വിഘടനവാദികളും സൈന്യവും പതിവായി ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വെട്ട. സ്‌ഫോടനം നടക്കുമ്പോള്‍ ചൈനീസ് അംബാഡസറുടെ നേതൃത്വത്തിലുള്ള നാലംഘ ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നു. ഒരു യോഗത്തിനായി അംബാസഡര്‍ പുറത്തു പോയ വേളയിലാണ് സ്‌ഫോടനം നടന്നത്. കാറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തി്ട്ടില്ല. 

പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ബലൂചിസ്താന്‍ ദരിദ്ര മേഖലയായി തുടരുന്നതില്‍ ഇവിടെ ജനങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ട്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി എന്ന വന്‍കിട പദ്ധതി വഴി വന്‍തോതില്‍ ചൈനീസ് നിക്ഷേപം ഈ മേഖലയിലേക്ക് ഒഴുകുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് തങ്ങള്‍ക്ക് വലിയ നേട്ടമില്ലെന്നാണ് ജനങ്ങളുടെ വികാരം. ബലൂച് വിഘടനവാദികളും ഇതുമുതലെടുക്കുന്നു. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ പ്രധാനഭാഗമായ ഈ ഇടനാഴി നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്നവര്‍ പുറത്തു നിന്നുള്ളവരാണെന്നും ആരോപിക്കപ്പെടുന്നു.

ഈ പദ്ധതി മേഖലയിലെ മറ്റൊരു ആഢംബര ഹോട്ടലില്‍ 2019ല്‍ തോക്കുധാരി ഇരച്ചു കയറി എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ബലൂച് വിഘടനവാദികള്‍ ചൈനീസ് കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേര്‍ക്കും ആക്രമണം നടത്തിയിരുന്നു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഈ ആക്രമണങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വവും ഏറ്റെടുത്തിരുന്നു.

Latest News