ന്യുദല്‍ഹി- കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ഓക്‌സിജന് ദല്‍ഹിയില്‍ രൂക്ഷമായ ക്ഷാമം നേരിടുന്നതിനെ ചൊല്ലി ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും കടുത്ത ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. 'എന്ത്‌കൊണ്ട് യാഥാര്‍ത്ഥ്യം കാണാതെ പോകുന്നു. നാട്ടില്‍ നടക്കുന്നത് സര്‍ക്കാര്‍ അറിയുന്നില്ലെ, ഇത് പരിഹാസ്യമാണ്. ആളുകള്‍ മരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ആശങ്ക വ്യവസായങ്ങളുടെ കാര്യത്തിലാണ്. അതിനര്‍ത്ഥം മനുഷ്യ ജീവനുകള്‍ക്ക് സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ല എന്നാണ്' കോടതി പറഞ്ഞു.
ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതു കൊണ്ട് എന്തുവില കൊടുത്താണെങ്കിലും ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്ന് ഉത്തരവിടുന്നു. ആവശ്യമെങ്കില്‍ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുഴുവന്‍ ഓക്‌സിജനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തണം- കോടതി ഉത്തരവിട്ടു.
ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ മാക്‌സ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്ര സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചത്. തങ്ങളുടെ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും മാക്‌സ് ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഓക്‌സിജന്‍ ക്ഷാമത്തിന്റെ കാര്യം ഗൗരവത്തിലെടുക്കണമെന്നും നടപടികളുണ്ടാകണമെന്നും ചൊവ്വാഴ്ച കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോഴേക്കും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതാണ് കോടതിയെ ചൊടിപ്പിച്ചത്. 24 മണിക്കൂറിനു ശേഷം സാഹചര്യം ആകെ മാറിയെന്നും ഇപ്പോള്‍ ആറ് ആശുപത്രികള്‍ക്കാണ് ഉടനടി ഓക്‌സിജന്‍ ലഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.
ആവശ്യമെങ്കില്‍ പെട്രോളിയം, ഉരുക്കു വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്‌സിജന്‍ ആശുപത്രികള്‍ക്കു വേണ്ടി വകമാറ്റണമെന്ന് ഇന്നലെ ഉണര്‍ത്തിയിരുന്നു. എന്നിട്ട് എന്താണ് നിങ്ങള്‍ ഇതുവരെ ചെയ്തത്? കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇതിനുള്ള ഫയലുകള്‍ നീക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയെങ്കിലും ഫലയുകളല്ലെ അന്തിമ ഫലങ്ങളാണ് കാണേണ്ടതെന്നും കോടതി തിരിച്ചടിച്ചു. പെട്രോളിയം കമ്പനികളെല്ലാം സര്‍ക്കാരിന്റേതാണ്, ഇവിടങ്ങളിലെ ഓക്‌സിജന്‍ എടുത്ത് ആവശ്യമുള്ളിടത്ത് എത്തിക്കാന്‍ സര്‍ക്കാരിന് വ്യോമ സേനയുമുണ്ട്. എന്നിട്ടും ഒരു ദിവസം എന്താണു ചെയ്തത്? കോടതി ചോദിച്ചു.






