അവിടെ യുദ്ധമല്ലേ; നാല് കുട്ടികളെ അഫ്ഗാനിലേക്ക് കൊണ്ടുപോകരുതെന്ന് കോടതി

മുംബൈ- നാല് പേരമക്കളെ അഫ്ഗാനിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അഫ്ഗാനി മുത്തശ്ശിയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി. യുദ്ധം ബാധിച്ച അഫ്ഗാനിലേക്ക് കൊണ്ടു പോകുന്നതിനു പകരം കുട്ടികളെ ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സമൂഹിക രാഷ്ട്രീയ സ്ഥിതിഗതികള്‍ നോക്കുമ്പോള്‍ ഇന്ത്യ വ്യത്യസ്തമാണെന്നും അതുകൊണ്ട് കുട്ടികള്‍ ഇവിടെ താമസിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, മനീഷ് പിറ്റാലെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

പേരക്കുട്ടികള്‍ അഫ്ഗാന്‍ പൗരത്വമുള്ളവരാണെന്നും അവരെ അഫ്ഗാനില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് 79 കാരിയായ പഷ്തൂണ്‍ ദൗലത്തിയും മകളും ഹരജി സമര്‍പ്പിച്ചിരുന്നത്.


നസീറിനു പകരം ഖബറടക്കിയത് പ്രതാപിനെ, ഒടുവില്‍ പുറത്തെടുത്ത് കൈമാറി

ദൗലത്തിയുടെ മകന്‍ മുംബൈയില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ജൂലൈയില്‍ വിവാഹത്തിനു ശേഷം ഭാര്യയുമായി കാബൂളിലേക്ക് മടങ്ങി. എന്നാല്‍ 2017 മേയില്‍ സര്‍ക്കാര്‍ സൈന്യം നഗരത്തില്‍ ഭീകരര്‍ക്കെതിരെ ബോംബ് വര്‍ഷിച്ചപ്പോള്‍ ദൗലത്തിയുടെ മകന്‍ കൊല്ലപ്പെട്ടു. 2018 ഫെബ്രുവരിയില്‍ ഭാര്യയും മക്കളും മതാപിതാക്കളോടൊപ്പം കഴിയുന്നതിന് മുംബൈയിലെ കല്യാണിലേക്ക് മടങ്ങി.

2020 ജനുവരിയില്‍ കുട്ടികളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒറ്റമുറിയില്‍ വളരെ മോശം അവസ്ഥയില്‍ കഴിയുന്നതായി കണ്ടുവെന്നാണ് ദൗലത്തി ഹരജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. സ്ഥലസൗകര്യമുള്ള കാബൂളിലെ വീട്ടിലേക്ക് കൊണ്ടുപോയാല്‍ അവരെ നന്നായി വളര്‍ത്താന്‍ സാധിക്കുമെന്നും യു.എസിലുള്ള തന്റെ മൂന്ന് മക്കള്‍ സഹായിക്കാന്‍ തയാറാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടികളെ താന്‍ നന്നായി നോക്കുന്നുണ്ടെന്നും ആവശ്യമായ വരുമാനമുണ്ടെന്നും സഹോദരന്‍ സഹായിക്കുന്നുണ്ടെന്നും കുട്ടികളുടെ മാതാവ് ബോധിപ്പിച്ചു. ദൗലത്തി തന്നെയും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അവരുടെ മക്കളൊന്നും ഹരജിയെ പിന്തുണച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കുട്ടികളെ ചേംബറില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ സന്തോഷത്തിലാണ് കഴിയുന്നതെന്ന് ബോധ്യപ്പെട്ടെന്നും ഈ സാഹചര്യത്തില്‍ അവരെ അഫ്ഗാനിലേക്ക് അയക്കുന്നത് അവര്‍ക്ക് ആഘാതമാകുമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

 

Latest News