കൊച്ചി - പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻ ഓയിലും സ്റ്റിറോയ്ഡ് ചേർത്താണ് നിർമിക്കുന്നതെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയസാഹചര്യത്തിൽ പങ്കജകസ്തൂരി ഹെർബൽസ് ഉടമയും ആയുർവേദ ഡോക്ടർമാരുടെ സംഘടനാ നേതാവുമായ ഡോ. ഹരീന്ദ്രൻനായരെ ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ ആവശ്യപ്പെട്ടു.
വൻതോതിൽ പരസ്യം നൽകി കേരളത്തിൽ വിൽക്കുന്ന ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻഓയിലും മലേഷ്യയിലേക്ക് കയറ്റി അയച്ചിരുന്നു. മലേഷ്യൻ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പങ്കജ കസ്തൂരി ഓർത്തോ ഹെർബ്ടാബ്ലറ്റിൽ പെയിൻ ഓയിലും സ്റ്റിറോയിഡും ചേർത്തതായി ലാബ് റിസൾട്ട് വന്നത്. ഇതേത്തുടർന്ന് സർട്ടിഫിക്കറ്റുകളുടെ കോപ്പി കേരളത്തിലെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോ ളർക്ക് പരിശോധക്കായി കൈമാറി. ഡ്രഗ്‌സ് വകുപ്പ് നടത്തിയ പരിശോധനയിൽ അവർ നൽകിയ സർട്ടിഫിക്കറ്റ് തിരുത്തിയെന്നും വ്യാജസർട്ടിഫിക്കറ്റാണ് പങ്കജകസ്തൂരി മലേഷ്യയിൽ നൽകിയതെന്നും കണ്ടെത്തുകയായിരുന്നു.
പങ്കജ കസ്തൂരി ഹെർബൽസ് ഉടമയായ ഡോ. ഹരീന്ദ്രൻനായർ ബി.എ. എം.എസ് കേരളത്തിലെ മെഡിക്കൽ രംഗത്തെ നിയന്ത്രിക്കുന്ന ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിൽ അംഗമാണ്. വ്യാജചികിത്സ തടയാനും വ്യാജമരുന്നു നിർമാണം തടയാനുമായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനത്തിന്റെ പ്രതിനിധിയായി ഇരിക്കുന്നത് കേരള സംസ്ഥാനത്തിനും കേരള ആരോഗ്യവകുപ്പിനും അപമാനമാണ്.
കേരളത്തിലെ 30,000 ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ നിലപാട് വ്യക്തമാക്കണം. യാതൊരു പരിശോധനയുമില്ലാതെ അന്യസംസ്ഥാനങ്ങളിൽനിന്ന് ആയുർവേദമരുന്ന് എത്തിച്ച് 30 ശതമാനം കമ്മീഷൻ കൈയിലെടുത്തശേഷം വിൽപന നടത്തുന്ന എ.എം.എ.ഐ നേതാക്കൾക്ക് മിണ്ടാട്ടമോ ഉരിയാട്ടമോ ഉണ്ടെങ്കിൽ മറുപടി പറയണം.
അസ്ഥിതേയ്മാനം മാറ്റാൻ അലോപ്പതിയിൽ ചികിത്സയില്ല. അസ്ഥി മജ്ജ തീർന്ന് തരുണാസ്ഥി തേഞ്ഞു തീർന്നവർക്ക് വേദന സംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത പങ്കജകസ്തൂരി ഓർത്തോ ഹെർബ് നൽകിയാൽ അസ്ഥിതേയ്മാനം മാറുമോയെന്ന് കേരളത്തിലെ ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ജയ. വി. ദേവ് വ്യക്തമാക്കണം.
തന്റെ സഹപാഠിക്ക് ഓർത്തോ ഹെർബ് എന്ന പേരിൽ മരുന്നു വിൽപനക്ക് ലൈസൻസ് നൽകിയത് ആരാണെന്ന് വ്യക്തമാക്കേണ്ട ചുമതലയിൽനിന്ന് മുൻ ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറും തിരുവനന്തപുരം ആയുർവേദ കോളേജിലെ പ്രഫസറുമായിരുന്ന ഡോ. വിമലക്ക് ഒഴിഞ്ഞുമാറാനാകില്ല.
ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കം വരുന്നു. ക്ഷീണം ഉണ്ടാകുന്നു. ഉറക്ക ഗുളികയോ വേദന സംഹാരിയോ കഴിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കംവരാനും പെട്ടെന്ന് വേദനമാറാനും സഹായിക്കുന്ന ഏതു ആയുർവേദമരുന്നാണ് ചേർത്തിട്ടുള്ളതെന്നു പറയാൻ ഡ്രഗസ് വകുപ്പിലേയും മരുന്നുപരിശോധന നടത്തുന്ന സംസ്ഥാന പബ്ലിക് ലാബിലെയും ഉദ്യോഗസ്ഥർ തയാറാകണം. ഓർത്തോഹെർബ് എന്ന മരുന്നു കഴിച്ചാൽ അസ്ഥി തേയ്മാനം മാറുമെന്ന് സർട്ടിഫിക്കറ്റ് നൽകിയ വിദഗ്ധ സമിതിയിൽ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറും തിരുവനന്തപുരം ആയുർവേദ കോളേജിലെ പ്രൊഫസർമാരും ആണ് പ്രതിനിധികൾ. ലോകത്ത് ഇതേവരെ ഒരു രാജ്യത്തും മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത അസ്ഥി തേയ്മാനത്തിന് പങ്കജ കസ്തൂരിയുടെ ഓർത്തോ ഹെർബ് കഴിച്ചാൽ പരിഹാരമാകുമെന്ന് വിൽപന സർട്ടിഫിക്കറ്റ് നൽകിയത് ഇവരാണ്. ഓർത്തോ ഹെർബിൽ ഉറക്കമുണ്ടാക്കാനും പെട്ടെന്ന് വേദന മാറ്റാനും കഴിയുന്ന ഏത് മരുന്ന് ചേർക്കാനാണ് വിദഗ്ധ സമിതി അനുമതി നൽകിയതെന്ന് തിരുവനന്തപുരം ആയുർവേദ കോളേജിലെ ആയുർവേദ വിദഗ്ധരായ പ്രൊഫസർമാരും സമൂഹത്തോട് വിശദീകരിക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.