കോവിഡ് പ്രതിസന്ധിയ്ക്കിടെ ഇന്ത്യയുടെ ഓക്‌സിജന്‍ കയറ്റുമതി ഇരട്ടിയാക്കി 

ന്യൂദല്‍ഹി- കടുത്ത കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 4,500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ അത് ഏതാണ്ട് ഇരട്ടിയോളമായാണ് വര്‍ധിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2021 ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും കയറ്റുമതിയുടെ കണക്കു ഇനിയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമെ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രോഗബാധിതര്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതര്‍ക്ക്. 


.

Latest News