Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലാളികൾക്ക് സ്വന്തമായി റീ എൻട്രി അടിക്കാം, വ്യവസ്ഥകൾ ഇങ്ങിനെ

റിയാദ് - മാർച്ച് 14 മുതൽ നിലവിൽ വന്ന തൊഴിൽ പരിഷ്‌കാരങ്ങൾ അനുസരിച്ച് സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് സ്വന്തം നിലക്ക് റീ-എൻട്രി നേടാൻ വ്യവസ്ഥകൾ ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാർ കാലാവധിക്കിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്‌ഫോം വഴി റീ-എൻട്രി അപേക്ഷ നൽകാൻ പുതിയ തൊഴിൽ പരിഷ്‌കാരങ്ങളുടെ ഭാഗമായ റീ-എൻട്രി സേവനം വിദേശ തൊഴിലാളികളെ അനുവദിക്കുന്നു. 


മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു

ഇങ്ങിനെ സ്വന്തം നിലക്ക് ഓൺലൈൻ ആയി റീ-എൻട്രി അപേക്ഷ നൽകാൻ തൊഴിൽ നിയമം ബാധകമായ വിദേശ തൊഴിലാളി ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കാലാവധിയുള്ള, രജിസ്റ്റർ ചെയ്ത തൊഴിൽ കരാറുമുണ്ടായിരിക്കണം. റീ-എൻട്രി കാലം കവർ ചെയ്യുന്ന നിലക്ക് കാലാവധിയുള്ള ഇഖാമയും ഉണ്ടായിരിക്കണം. പാസ്‌പോർട്ടിൽ 90 ദിവസത്തിൽ കുറയാത്ത കാലാവധിയുമുണ്ടായിരിക്കണം. റീ-എൻട്രി വിസാ അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ല. അബ്ശിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിൽ തൊഴിലാളിക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. റീ-എൻട്രി വിസാ അപേക്ഷ സമർപ്പിക്കുന്നതു മൂലമുള്ള സാമ്പത്തിക ചെലവുകൾ തൊഴിലാളിയാണ് വഹിക്കേണ്ടത്. ആശ്രിതർക്ക് റീ-എൻട്രി വിസക്ക് അപേക്ഷ സമർപ്പിക്കാനും സേവനം വിദേശ തൊഴിലാളിയെ അനുവദിക്കുന്നു. റീ-എൻട്രി വിസ റദ്ദാക്കാനും തൊഴിലാളിക്ക് സാധിക്കും. സ്വന്തം നിലക്ക് അപേക്ഷിക്കുന്നതു പ്രകാരം നേടുന്ന റീ-എൻട്രിയിൽ രാജ്യം വിട്ട ശേഷം രജിസ്റ്റർ ചെയ്ത തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാൻ സൗദിയിൽ തിരിച്ചെത്താതിരിക്കുകയും ബാധ്യതകൾ ലംഘിക്കുകയും ചെയ്യുന്ന പക്ഷം പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തൊഴിലാളിക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും. 
പുതിയ തൊഴിൽ പരിഷ്‌കാരം അനുസരിച്ച് വിദേശികൾ സ്വന്തം നിലക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതു പ്രകാരം അനുവദിക്കുന്ന റീ-എൻട്രി വിസയുടെ കാലാവധി 30 ദിവസമായിരിക്കും. വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുകയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 

Latest News