മലപ്പുറം- ആതവനാട് സുബീറ ഫർഹത്ത് എന്ന യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്റെ മൊഴി.
രാവിലെ ജോലിക്ക് പോകുകയായിരുന്ന സുബീറയെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ സമ്മതിച്ചത്. .
| മൗലാനാ വഹീദുദ്ദീന്‍ ഖാന് അന്തരിച്ചു |
പിന്നീട് മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം കുഴിയെടുത്ത് അതിലിട്ട് മൂടുകയായിരുന്നു. പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്ന പ്രതിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പോലീസ് പരിസരങ്ങളിൽ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു.
നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പോലീസ് സംഘത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന് ഒട്ടും ഇട നൽകാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റം.
40 ദിവസം മുമ്പാണ് ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ കാണാതായത്.






