Sorry, you need to enable JavaScript to visit this website.

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു


മോഹമുക്തി നേടുകയെന്നത് ചെറിയ കാര്യമല്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. കോൺഗ്രസ് രാഷ്ട്രീയത്തിലാണെങ്കിൽ ഇക്കാര്യം പറയുകയും വേണ്ട. കോൺഗ്രസിൽ മോഹമുക്തനായ ഒരാളേ ഉണ്ടായിരുന്നുള്ളൂവെന്നൂം അത് ചെറിയാൻ ഫിലിപ്പായിരുന്നുവെന്നുമാണ് സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കണ്ടുപിടിത്തം. മോഹമുക്തിയോടെ കോൺഗ്രസിന് വേണ്ടി പണിയെടുത്ത് കല്യാണം കഴിക്കാൻ പോലും മറന്നുപോയ ചെറിയാൻ ഫിലിപ്പ് ഒടുവിൽ എത്തിപ്പെട്ടത് എ.കെ.ജി സെന്ററിലാണ്. തന്റെ ഇടത്തെ നെഞ്ചിൽ പിണറായി വിജയനും വലത്തെ നെഞ്ചിൽ എ.കെ. ആന്റണിയുമാണെന്ന് കൂടെക്കൂടെ പറയുന്ന ചെറിയാന് ഇടയ്ക്കിടെ സി.പി.എം മോഹം കൊടുക്കും. പിന്നീട് മോഹമുക്തനാക്കുകയും ചെയ്യും. 


ഏറ്റവും ഒടുവിൽ എ.കെ.ജി സെന്ററിലിരുന്ന് ചെറിയാൻ ഫിലിപ്പ് മോഹം കൊണ്ടത് ഒഴിവു വന്ന രാജ്യസഭാ സീറ്റിലായിരുന്നു. രണ്ട് സീറ്റിൽ സ്ഥാനാർത്ഥികളെ എളുപ്പത്തിൽ ജയിപ്പിച്ചെടുക്കാനുള്ള ശേഷി ഇടതു പക്ഷത്തിനുള്ളപ്പോൾ ഒരു സീറ്റിൽ മോഹം വെച്ചതിന് ചെറിയാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അര നൂറ്റാണ്ടിലേറെക്കാലം ജനമധ്യത്തിൽ പ്രവർത്തിച്ച് തനിക്ക് ഒരു ജനപ്രതിനിധിയാകാൻ അർഹതയൊക്കെയുണ്ടെന്ന് അദ്ദേഹം പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ആര്  കേൾക്കാൻ. മോഹമുക്തനായതുകൊണ്ട് ഇത് ഉറക്കെ പറയാൻ കഴിയുന്നുമില്ല. അധികം ഉച്ചത്തിൽ പറഞ്ഞാൽ പാർട്ടി അംഗമല്ലാതിരുന്നിട്ടും എ.കെ.ജി സെന്ററിൽ കുടികിടപ്പായി കിട്ടിയ മുറി ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അതോടെ അന്നം മുട്ടുകയും ചെയ്യും. 
കഴിഞ്ഞ 20 വർഷമായി ഓണത്തിനും വിഷുവിനും പിണറായി വിജയന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്ന് ചെറിയാൻ ഫിലിപ്പ് തന്നെ പറയാറുണ്ട്. അതും കൂടി മുടങ്ങുമെന്നതുകൊണ്ട് തന്നെ രാജ്യസഭാ മോഹം ഉള്ളിൽ കൊണ്ടു നടക്കുകയല്ലാതെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. സർവമാന മാധ്യമങ്ങളും സി.പി.എമ്മിന്റെ രണ്ടു രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെ നേരത്തെ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തു. അതോടെ ചെറിയാന് മോഹം ഉദിക്കുകയും  പ്രാർത്ഥനാപൂർവം  എ.കെ.ജി സെന്ററിൽ കഴിഞ്ഞുകൂടുകയും ചെയ്തു. കഴിഞ്ഞ തവണത്തെ രാജ്യസഭാ സീറ്റിന് വേണ്ടി കുറെ പ്രാർത്ഥിച്ചിട്ടും ഫലം കണ്ടില്ലെങ്കിലും ഇത്തവണ തലയിൽ ശുക്രൻ തെളിയുമെന്ന് തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.


ഇരുപത് വർഷം മുൻപ് കോൺഗ്രസ് വിട്ട് പിണറായി വിജയന്റെ ശുപാർശ കത്തിൽ എ.കെ.ജി സെന്ററിലേക്ക് കടന്നു വന്നപ്പോൾ പൊതു സമൂഹം അംഗീകരിക്കുന്ന തെളിമയാർന്ന വ്യക്തിത്വം എന്നാണ് പിണറായി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് കാര്യവുമുണ്ടായി. സി.പി.എം നിയമസഭയിലേക്ക് മൂന്ന് തവണ സീറ്റ് നൽകി. പക്ഷേ കിട്ടിയ സീറ്റിൽ ജയിക്കണമെങ്കിൽ എതിരാളി നോമിനേഷൻ പിൻവലിക്കണമെന്ന സ്ഥിതിയായിരുന്നു. പിന്നെ പ്രതീക്ഷ മുഴുവൻ ജനങ്ങളുടെ വോട്ട് വേണ്ടാത്ത രാജ്യസഭാ സീറ്റിലായി. ഭാവിയുടെ തെറ്റാത്ത പ്രതീക്ഷയാണെന്ന് സി.എച്ച്. മുഹമ്മദ് കോയ വിശേഷിപ്പിച്ച ചെറിയാന് സീറ്റ് കൊടുക്കാൻ ഇത്തവണയും സി.പി.എം തയാറായില്ല. പാർട്ടിക്കുള്ള രണ്ടു സീറ്റും കഴിഞ്ഞ ദിവസം മറ്റുള്ളവർ അടിച്ചെടുത്തു. അതോടെ എല്ലാ മോഹങ്ങളും ഉപേക്ഷിച്ച് എഴുത്തും വായനയും  പഠനവുമൊക്കെയായി എ.കെ.ജി സെന്ററിലെ മുറിയിൽ തന്നെ ശിഷ്ടകാലം കഴിയാനാണ്  ചെറിയാന്റെ ഇപ്പോഴത്തെ തീരുമാനം.
മധുരമായ മലയാള ശൈലിയിലുള്ളതാണ് ചെറിയാൻ ഫിലിപ്പിന്റെ എഴുത്തുകളെന്ന് ഡോ. ശൂരനാട് കുഞ്ഞൻപിള്ള നേരത്തെ തന്നെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ചെറിയാന്റെ ഗ്രന്ഥങ്ങൾ ശ്രദ്ധേയവും പഠനാർഹവുമെന്ന് ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അലങ്കാരമാക്കിക്കൊണ്ട് രാജ്യസഭാ മോഹം ഉപേക്ഷിച്ച് എഴുത്തുപണി തുടരുകയല്ലാതെ ഇനി മറ്റു നിവൃത്തിയൊന്നുമില്ലല്ലോ.


എല്ലാ മോഹങ്ങളും ഒന്നു ഉള്ളിലൊതുക്കി അടങ്ങിയൊതുങ്ങി കഴിഞ്ഞു കൂടാൻ ശ്രമിക്കുമ്പോഴാണ് പഴയ ചങ്ങാതിമാരുടെ വിളി. കോൺഗ്രസിലേക്ക് തിരികെപ്പോരുന്നോ എന്ന് നേരിട്ട് ചോദിച്ചില്ലെങ്കിലും പാർട്ടി മുഖപത്രമായ വീക്ഷണത്തിലൂടെയാണ് പ്രലോഭനം. വിട്ടുപോയതിന് കണക്കറ്റ് ചീത്ത വിളിക്കുന്നുണ്ടെങ്കിലും പഴയ തിരുത്തൽ വാദിയെ തിരിച്ചുവരാൻ സ്‌നേഹത്തോടെ ക്ഷണിക്കുന്നുമുണ്ട്. മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന എന്ന തലക്കെട്ടിലുള്ള വീക്ഷണം മുഖപ്രസംഗത്തിൽ തുടലിലിട്ട കുരങ്ങനെ പോലെ ചാടിക്കളിക്കെട കുഞ്ഞിരാമ എന്ന് പറഞ്ഞ് ചുടു ചോറ് മാന്തിച്ച് ചെറിയാൻ ഫിലിപ്പിനെ സി.പി.എം വഞ്ചിച്ചുവെന്നും ആരോപിക്കുന്നുണ്ട്. 2001 ൽ തിരുവനന്തപുരം വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട ചെറിയാന് കെ.ടി.ഡി.സി പ്രസിഡന്റ്, ലൈഫ് മിഷൻ കോർഡിനേറ്റർ എന്നീ ആശ്വാസ പദവികൾക്കപ്പുറം സി.പി.എം ഒന്നും നൽകിയില്ലെന്നും പറയുന്നുണ്ട്. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിനോടും കോൺഗ്രസ് നേതാക്കളോടും ചെയ്ത ക്രൂരകൃത്യങ്ങളും അക്കമിട്ട് മുഖ പ്രസംഗത്തിൽ നിരത്തുന്നുമുണ്ട്.


ഹിറ്റ്‌ലർക്ക് ഗീബൽസ് എന്ന പോലെയാണ് എ.കെ. ആന്റണിക്ക് ചെറിയാൻ ഫിലിപ്പെന്ന് ഇടതുപക്ഷ സഹയാത്രികനായിരുന്ന ലോനപ്പൻ നമ്പാടൻ പണ്ട് ഒരുപാട് കളിയാക്കിയിരുന്നതാണ്. എങ്കിലും ചെറിയാന്റെ മനസ്സിൽ എ.കെ. ആന്റണി ഇന്നും അന്തോണീസ് പുണ്യാളൻ തന്നെയാണ്. ചെറിയാൻ തനിക്ക് നൽകിയ സഹായങ്ങൾക്ക് ഒന്നും തന്നെ തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരിക്കൽ എ.കെ. ആന്റണി വേദനയോടെ പറഞ്ഞിട്ടുമുണ്ട്. ചെറിയാനേയെന്ന് ആന്റണി ഒന്ന് ഉറക്കെ നീട്ടി വിളിച്ചാൽ ചെറിയാന് വിളി കേൾക്കാതിരിക്കാനാകില്ല. ആ വിളിക്ക് പിന്നാലെ എ.കെ.ജി സെന്ററിൽ നിന്ന് ചെറിയാൻ ഫിലിപ്പ് പടിയിറങ്ങുമോയെന്നറിയാനാണ് കോൺഗ്രസ് ഇപ്പോൾ കാത്തിരിക്കുന്നത്. പാർട്ടി മുഖപത്രത്തിലൂടെ അതിനുള്ള ചൂണ്ടയെറിഞ്ഞൂവെന്ന് മാത്രം. ആ ചൂണ്ടയിൽ കൊത്താൻ തൽക്കാലം ചെറിയാൻ തയാറായിട്ടില്ല. എന്തിനും ഏതിനും പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളിൽ ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന കോളം തന്നെ സൃഷ്ടിച്ചെടുത്ത അദ്ദേഹം വീക്ഷണത്തിലെ മുഖപ്രസംഗത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. 


ചെറിയാനെ കോൺഗ്രസിൽ തിരിച്ചെത്തിക്കാൻ പാർട്ടി മുഖപത്രത്തിലൂടെ ചരട് വലിക്കുന്നത് ആരാണെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ തന്നെ പരസ്പരം ചോദിക്കുന്ന ചോദ്യം. ചെറിയാൻ ഫിലിപ്പിനെ മടക്കിക്കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ചർച്ചകൾ ആവശ്യമാണെന്ന് മാത്രമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെങ്കിൽ ചെറിയാന്റെ വിഷയത്തിൽ രണ്ട് തോണിയിലാണ് കാൽ വെച്ചിരിക്കുന്നത്. ചെറിയാൻ പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം പരസ്യമായി പറയുമ്പോഴും ചെറിയാനെ പാർട്ടി പത്രത്തിലൂടെ ക്ഷണിച്ചതിന്റെ പേരിൽ പത്രത്തിന്റെ ചുമതല വഹിക്കുന്ന നേതാവിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മുല്ലപ്പള്ളി. ഉമ്മൻ ചാണ്ടിയാകട്ടെ, ഞാൻ ഇന്നാട്ടുകാരനല്ലെന്ന നിലപാടിലുമാണ്.


എന്തിനും ഏതിനും എടുത്തു ചാടുന്ന പഴയ ക്ഷുഭിത യൗവനമല്ല ഇന്ന് ചെറിയാൻ ഫിലിപ്പ്. തിരുത്തൽവാദ സ്വഭാവമൊക്കെ പണ്ടേ അട്ടത്ത് കയറ്റി. വയസ്സ്  എഴുപത്  ആകാറായി. വലത്തു നിന്നും ഇടത്തുനിന്നുമൊക്കെ കിട്ടിയ തിരിച്ചറിവുകളിലൂടെ അൽപ സ്വൽപം രാഷ്ട്രീയ പക്വതയൊക്കെ ആർജിച്ചു കഴിഞ്ഞു. ഏതെങ്കിലും നേതാക്കൾ വിളിച്ചാൽ ജുബ്ബയുമെടുത്തിട്ട് അവരുടെ കൂടെ ഇറങ്ങിപ്പോകുന്ന കാലമൊക്കെ കഴിഞ്ഞു. പാർട്ടി പത്രത്തിലൂടെ ചൂണ്ടയിട്ടാൽ അതിൽ എളുപ്പത്തിൽ കൊത്താൻ ചെറിയാനെ കിട്ടില്ല. 
ഇരുപത് വർഷക്കാലം രാഷ്ട്രീയ അഭയം തന്ന പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു കഴിഞ്ഞു. ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകാൻ താനില്ലെന്ന നിലപാടിലാണ് അദ്ദേഹം. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറയുമ്പോൾ പാർട്ടി പത്രം എറിഞ്ഞ ചൂണ്ടയിൽ കൊത്താൻ തൽക്കാലത്തേക്ക് താനില്ലെന്ന സൂചനയാണ് നൽകുന്നത്. 

Latest News