ഫുട്‌ബോളുമായി ബന്ധപ്പെട്ടു കേൾക്കുന്ന ഫിഫയെന്ന പദം ഒരു നൊമ്പരമായി മാറിയത് തികച്ചും അവിചാരിതമായിരുന്നു. സൗദി അറേബ്യയിൽ നിരോധനമുള്ള 'ഖാത്ത്'എന്ന ലഹരി ഇല കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ വിധി കാത്തു കിടക്കുന്ന പ്രവാസിക്ക് നിയമ സഹായത്തിനായി ഒരിക്കൽ ജയിലിൽ പോവേണ്ടി വന്നു. പ്രവാസത്തിലെ ചതിക്കുഴികളെ മനസ്സിലാക്കാതെ ഖാത്ത് കടത്തിയ കേസിൽ അറസ്റ്റിലായതായിരുന്നു അയാൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ ആ നിർഭാഗ്യവാൻ സൗദി അറേബ്യയിലെ യെമനുമായി അതിർത്തി പങ്കിടുന്ന ജസാനിൽ നിന്നും ജിദ്ദയിലേക്ക് പോവുന്ന ട്രക്കിലെ െ്രെഡവറായിരന്നു. ജിസാനിലെ ജയിലുകളിൽ എളുപ്പത്തിൽ പണക്കാരാനാവാൻ മോഹിച്ചോ ചതിയിൽ കുടുങ്ങിയോ ഇങ്ങനെ വിധി കാത്തു കിടക്കുന്ന നിരവധി പേരുണ്ട്. നിരോധിത ലഹരിയായ ഖാത്ത് കൃഷി ചെയ്യാൻ അനുമതിയുള്ള സൗദി അറേബ്യയിലെ ഏക പ്രദേശമാണ് ഫിഫ. മലയാളികൾക്കിടയിൽ 'ഖാത്ത്' മല എന്ന പേരിലാണ് ഫിഫ അറിയുന്നത്. എങ്കിലും സൗദി അറേബ്യയിലെ ഏറ്റവും പ്രക്രതി രമണീയവും പ്രപഞ്ച വിസ്മയങ്ങളിലൊന്നുമാണ് ഫിഫ മല നിരകൾ. സമുദ്ര നിരപ്പിൽ നിന്നും 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫിഫ അതുകൊണ്ട് തന്നെ സഞ്ചാരികളെ കൊതിപ്പിക്കുന്നു. 'അമ്പിളി മാമന്റെ ചങ്ങാതി 'യെന്നും മാന്ത്രിക ഫിഫ യെന്നുമൊക്കെ ഈ പ്രദേശത്തിനു വിളിപ്പേരുണ്ട് .
സൗദിയുടെ പ്രധാന പട്ടണങ്ങളിലൊന്നായ ജിസാനോട് ചേർന്നാണ് ഫിഫയുടെ സ്ഥാനം. ജിദ്ദ ജിസാൻ ഹൈവേയിൽ സബിയയിൽ നിന്നും വഴിമാറി ഐദാബി വഴിയാണ് ഫിഫയുടെ ചുരം തുടങ്ങുന്നത്. പതിവ് യാത്രസംഘത്തിൻെറ കൂടെയാണ് ഈ തവണയും ഫിഫയിലേക്ക് പോവുന്നത് എന്നതാണ് ഏറെ സന്തോഷം. യാത്രയിൽ ഏറ്റവും ആവശ്യമായ ഒന്നാണ് സഹയാത്രികരുടെ മാനസിക ഐക്യവും യോജിപ്പും. അല്ലങ്കിൽ വെറും ബോറടിയാവും യാത്രകൾ. നാളിതുവരെയുള്ള യാത്രകളിലെ സന്തോഷവും ഇത് തന്നെയാണ്. ജിദ്ദയിൽ നിന്നും റഷീദ് തലേന്ന് തന്നെ ഖുൻഫുദയിലെത്തിയിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നതാണ് ഫൈസൽ. മൂന്നു പേരും രാവിലെ എട്ടു മണിക്ക് തന്നെ യാത്ര തുടങ്ങി. ഖുൻഫുദയിൽ നിന്നും 400 കിലോമീറ്ററിലധികം ദൂരമുണ്ട് ഫിഫയിലേക്ക്.ദേശീയ പാത കടന്നു പോവുന്നത് ഒമക്കിലെയും അൽബിർക്കിലേയും മനോഹരമായ കടൽ തീരങ്ങളിൽ കൂടിയാണ്.പന്ത്രണ്ടു മണിയോടെ ബേയ്ഷിലെത്തി. അവിടെയാണ് ഉണ്ണിയേട്ടനുള്ളത്.വർഷങ്ങളായുള്ള അടുപ്പമാണ് ഉണ്ണിയേട്ടനുമായി.ഖുൻഫുദയിൽ നിന്നും ജോലി മാറി പോയതിൽ പിന്നെ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. ഫിഫയെ കുറിച്ച് ഉണ്ണിയേട്ടന് കൂടുതലറിയാം . ഉച്ച പ്രാർത്ഥന കഴിഞ്ഞു ഉണ്ണിയേട്ടനുമായി ഞങ്ങൾ ഫിഫയിലേക്ക് തിരിച്ചു. യെമനിലെ യുദ്ധത്തിനായി സൈനിക വ്യൂഹങ്ങളും പടക്കോപ്പുകളും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും കടന്നു പോവുന്നതിനാൽ പലയിടത്തും സുരക്ഷാസേന പരിശോധനയും ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഐദാബി പോലീസ്,സൈനിക ചെക്ക്‌പോസ്റ്റ്കൾ കടന്നു വേണം ചുരം കയറാൻ. അവിടെനിന്നും ഉണ്ണിയേട്ടൻെറ സുഹൃത്തായ സിദ്ദീഖ് ഇക്കയെയും കൂടെ കൂട്ടിയതോടെ ഞങ്ങൾ അഞ്ചു പേരടങ്ങുന്ന സംഘമായി ഫിഫയിലേക്ക് തിരിച്ചു. ഡ്രൈവിംഗ് നന്നായി പരിചയമുള്ളവർക്കെ ഫിഫ മല കയറാൻ കഴിയൂ .ഫോർ വീൽ െ്രെഡവ് വാഹനമില്ലെങ്കിൽ ചിലപ്പോൾ ചുരം പണി തരും. അത്രക്ക് കുത്തനെയാണ് റോഡ്.പല സ്ഥലത്തും കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമേ കടന്നു പോവാൻ സൗകര്യമുള്ളൂ.അതി വേഗത്തിൽ വാഹനം ഓടിച്ചു ഇറക്കുന്നതും കയറ്റുന്നതുമൊക്കെ ഇവിടെയുള്ള സ്വദേശികളുടെ വിനോദമായതിനാൽ അത്തരം ഒരു അപകട സാധ്യത മുൻകൂട്ടി കാണണം.ഇരുപത് കിലോമീറ്റർ ദൂരമുള്ള ചുരത്തിൽ എവിടെയും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല.ചുരത്തിലെ പകുതി ദൂരം പിന്നിടുമ്പോൾ തന്നെ ഫിഫയുടെ മനോഹര ദൃശ്യങ്ങൾ സഞ്ചാരികളെ കൊതിപ്പിക്കും.വീതി കുറഞ്ഞ റോഡിൽ റഷീദ് സാഹസികമായി വാഹനമൊതുക്കി.തട്ട് തട്ടായി തിരിച്ച മലമുകളുടെ മടിത്തട്ടിൽ മനോഹരമായ കുഞ്ഞു വീടുകൾ. അവിടെ തികച്ചും പ്രകൃതിക്കനുയോജ്യമായ രീതിയിലാണ് അവയുടെ നിർമ്മാണം. സെൽഫി എടുത്തും ഇടക്കൊക്കെ ചുരം നടന്നു കയറിയും ഞങ്ങൾ ഫിഫയിലെത്തി.
വിവിധ മലകൾക്കിടയിലായി പരന്നു കിടക്കുകയാണ് ഫിഫ. അസർ നമസ്‌കാര സമയമായതിനാൽ കടകൾ അടഞ്ഞു കിടക്കുന്നു.ഖാത്ത് ചെടികൾ കൃഷി ചെയ്യുന്നത് കാണുകയാണ് ഒരു അജണ്ട എന്നതിനാൽ ഉണ്ണിയേട്ടൻ പറഞ്ഞ വഴി ഞങ്ങൾ പിന്തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോഴാണ് ആ കാഴ്ച കാണുന്നത് .വളരെ ഉയരത്തിൽ നിന്നും ഒരു കുട്ടർ കയർ വഴി ഇറങ്ങിവരുന്നു. താഴെ ഒരാൾ അതിൽ നിന്നും സാധനങ്ങൾ നിറക്കുന്നു.അത് വീണ്ടും മുകളിലേക്ക് തന്നെ കയറിപ്പോവുന്നു.അത്രയും ഉയരത്തിലുള്ള ഒരു മലയിൽ എങ്ങനെയാണ് കൊൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചത് എന്നതിനുള്ള ഉത്തരം അതിലുണ്ടായിരുന്നു. ഫിഫയുടെ പല ഭാഗത്തും ഇപ്പോഴും ഇവരുടെ ജീവിതം ഇങ്ങനെയാണ്.ഇതൊക്കെ വന്നത് ഈ അടുത്ത കാലത്താണ്. ഇതിനും മുന്നേ കയർ വഴി ഇറങ്ങിയും കയറിയുമാണ് പൂർവ്വികർ പുറം നാടുകളിലേക്ക് ബന്ധപ്പെട്ടിരുന്നത്' ഫിഫയിലെ ഈ സാഹസിക ജീവിതം ഇപ്പോഴും പല ഭാഗത്തുമുണ്ട്. കയറിൽ കൂടി സാഹസികമായി സഞ്ചരിക്കുന്ന സ്വദേശി ബാലൻെറ ചിത്രം ഈയടുത്ത് അറബി പത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഫിഫയിലെ ഏറ്റവും ഉയരത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ ഖാത്ത് തോട്ടങ്ങൾ കാണുന്നത്.കഞ്ചാവു ചെടിയോടു സാമ്യമുള്ളതാണ് ഖാത്ത് ചെടികളും. ഇളം കുങ്കുമ നിറത്തിലുള്ള അതിൻെറ തളിരിലയാണ് ലഹരിയായി ഉപയോഗിക്കുന്നത്.ഇത് വ്യാപകമായി കൃഷി ചെയ്യാൻ അനുവാദം ഉണ്ടെങ്കിലും ഫിഫയുടെ പുറത്ത് കൊണ്ടുപോവുന്നതും വിൽപന നടത്തുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന വൻ ശിക്ഷയാണ്. ഫിഫയിൽ തന്നെ റോഡ് സൈഡിൽ നിന്നു ഇത് ഉപയോഗിക്കാൻ പാടില്ല. എന്നാൽ മറ്റു സ്ഥലങ്ങളിൽ ഇതിനു വിലക്കില്ല. വർഷങ്ങൾക്ക് മുമ്പേ ഫിഫയിലെ ആദിമവാസികളുടെ ഈ വരുമാന മാർഗം ഇപ്പോഴും വിലക്കില്ലാതെ തുടരുന്നു.ലഹരി എന്നതിനപ്പുറം ലൈംഗിക ഉത്തേജനം എന്ന നിലയിലും ഖാത്ത് ചെടികൾ ഉപയോഗിക്കുന്നുണ്ട്.
ഖാത്ത് ചെടികൾ വിൽക്കുന്ന യെമനികളിൽ നിന്നും പലരും അത് വാങ്ങിക്കൊണ്ട് പോവുന്നുണ്ട്.അമ്പതു റിയാൽ മുതലാണ് വില തുടങ്ങുന്നത്. കൂടുതൽ അവിടെ നിൽക്കാതെ ഞങ്ങൾ ഫിഫയുടെ ഏറ്റവും ഉയരത്തിലേക്ക് തിരിച്ചു. അവിടേക്കുള്ള യാത്ര ഏറ്റവും ദുർഘടമാണ്.കോടമഞ്ഞു കാഴ്ചകളെ മറക്കുന്നു.മാത്രമല്ല കൊടുംവളവുകളും കുത്തനെയുള്ള വീതി കുറഞ്ഞ റോഡും പരിചയക്കുറവുമെല്ലാം ഉള്ളിൽ ഭയമുണ്ടാക്കി.എങ്കിലും രണ്ടും കൽപിച്ചു റഷീദ് മലമുകളിലേക്ക് വാഹനമോടിച്ചു.
ഇന്നോളം നടത്തിയ യാത്രകളിൽ നിന്നും ഇങ്ങനെയൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.മേഘത്തിൻെറ മടിത്തട്ടിൽ ഇരുന്നു താഴെ ഫിഫയുടെ താഴ്‌വാരം നോക്കിക്കാണുക എന്നത് മറക്കാത്ത അനുഭവമാണ്. താഴ്‌വരയിലെ വീടുകൾ ഒരു പൊട്ടു പോലെ കാണുന്നുണ്ട് . ഇടക്കിടെ മേഘങ്ങൾ അവയെ തലോടി കടന്നു പോവുന്നു. മാജിക്കൽ ഫിഫയെന്നത് ഒരു ആലങ്കാരിക പദപ്രയോഗമാവില്ലെന്ന് ഉറപ്പാണ് . ഫിഫ നൽകുന്ന മാസ്മരികതക്ക് ഇതിനേക്കാളെന്ത് പേരാണ് വിളിക്കേണ്ടത് ? നിലാവുള്ള രാത്രിയിൽ അമ്പിളിയമ്മാവൻെറ മടിത്തട്ടിലിരുന്നു ഈ മേഘങ്ങളോടു സല്ലപിക്കാൻ ആരാണ് കൊതിക്കാത്തത്. എത്ര കണ്ടാലും വർണ്ണിച്ചാലും സമയം സന്ധ്യയായി. ഇനിയും വൈകിയാൽ ചുരമിറങ്ങാൻ ബുദ്ധിമുട്ടാവും. മാത്രമല്ല ശക്തമായ കോടമഞ്ഞു കാഴ്ചകളെ മറക്കുന്നുണ്ട്, ഫിഫയുടെ മറുഭാഗം യെമനാണ് .ബോംബിംഗിൻെറ ശബ്ദങ്ങൾ ഇടയ്ക്കിടെ കേൾക്കുന്നു.ഉയരം കൂടുതലുള്ള ഫിഫ മല നിരകൾ സുരക്ഷിതമാണോ എന്നിറിയില്ല. ഏതു നിമിഷവും ഒരു മിസൈൽ ഫിഫയെ കവർന്നെടുത്തേക്കാം !!.
കയറിയതിനേക്കാൾ പ്രയാസമായി തോന്നി ചുരം ഇറങ്ങാൻ .കോടമഞ്ഞു കൊണ്ടാണോ എന്നറിയില്ല പലയിടത്തും റോഡ് നനഞ്ഞിരിക്കുന്നു. സൂക്ഷിച്ചില്ലേൽ പൊടി പോലും കണ്ടു പിടിക്കാനില്ലാത്ത വിധം അഗാധമായ കൊക്കയിലേക്ക് പതിച്ചേക്കാം..
താഴെയുള്ള ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധനയാണ് . ഖാത്ത് ചെടിയുടെ ഇലകളാണ് കൂടുതൽ സമയമെടുത്തു പരിശോധിക്കുന്നത് .വാഹനത്തിൻെറ എല്ലാ ഭാഗവും സൂക്ഷ്മപരിശോധന കഴിയാൻ ചില സമയത്ത് മണിക്കൂറുകൾ തന്നെ വേണ്ടിവരും .അത് കൊണ്ട് തന്നെ ഫിഫയിൽ പോകുന്നവർ ഒരു കൗതുകത്തിനു പോലും ഇലകൾ കൊണ്ട് വരാൻ ശ്രമിക്കരുത് .കടുത്ത ശിക്ഷയാവും പിന്നീട് അനുഭവിക്കേണ്ടിവരിക. അധികമൊന്നും ബുദ്ധിമുട്ടില്ലാതെ പരിശോധനകളെല്ലാം കഴിഞ്ഞു സുരക്ഷിതമായി ഐദാബിയിലെത്തി. സിദ്ദീക്ക് ഇക്കയുടെ കുടുംബമൊരുക്കിയ വിഭവ സമ്രദ്ധ ഭക്ഷണവും കഴിച്ചു ഉണ്ണിയേട്ടനോട് യാത്രാമൊഴി പറഞ്ഞു വാഹനം പിന്നിടുമ്പോൾ അമ്പിളിയാമ്മവൻെറ അയൽവാസി പറയുന്നു, ഒരിക്കൽ കൂടി വരണമെന്നും ഒരു നിലാവുള്ള രാത്രി മുഴുവൻ ആ മടിത്തട്ടിലിരിക്കണമെന്നും.






