Sorry, you need to enable JavaScript to visit this website.

ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈൻ വഴി എക്‌സിറ്റ്

റിയാദ് - പ്രൊബേഷൻ കാലത്ത് ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കുന്ന സേവനം ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇഖാമ ഇഷ്യു ചെയ്തിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് പ്രൊബേഷൻ കാലമായ 90 ദിവസത്തിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിഫൈനൽ എക്‌സിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുന്ന സേവനമാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്താൻ ഗാർഹിക തൊഴിലാളികളും അല്ലാത്തവരും അടക്കം തൊഴിലുടമക്കു കീഴിലുള്ള ആകെ തൊഴിലാളികളുടെ എണ്ണം 100 ൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
കൂടാതെ മരണപ്പെട്ടവൻ എന്നോണം തൊഴിലാളിയെ രജിസ്റ്റർ ചെയ്തിരിക്കാൻ പാടില്ലെന്നും തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാൽ ഹുറൂബാക്കപ്പെട്ടവനാകാൻ പാടില്ലെന്നും തൊഴിലാളി വിദേശത്തായിരിക്കരുതെന്നും വ്യവസ്ഥകളുണ്ട്. തൊഴിലാളിയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് രേഖപ്പെടുത്തിയ പിഴ ഒടുക്കാതെ ബാക്കിയുണ്ടാകാനും പാടില്ല. തൊഴിലാളിയുടെ പാസ്‌പോർട്ടിൽ 60 ദിവസവും അതിൽ കൂടുതലും കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 

Latest News