Sorry, you need to enable JavaScript to visit this website.

യാത്രാ നിരക്ക് കുറച്ച് ആളെകൂട്ടാന്‍ ശ്രമിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ മുന്നറിയിപ്പ്

ന്യൂദല്‍ഹി- രൂക്ഷമായ കോവിഡ് രണ്ടാം തരംഗം വിമാന യാത്രകളേയും ബാധിച്ചിരിക്കുന്നു. ഈ സമയത്ത് ടിക്കറ്റ് നിരക്ക് കുറച്ച് ആളെ കൂട്ടാന്‍ ശ്രമിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഈ മാസം അവസാനിക്കുന്നതു വരെ ടിക്കറ്റ് നിരക്കുകള്‍ കുറച്ച് വില്‍പ്പന നടത്തുകയോ ന്യായ നിരക്കിനേക്കാള്‍ ഉയര്‍ത്തുകയോ ചെയ്യരുതെന്നാണ് ഡി.ജി.സി.എ നിര്‍ദേശം. ഇതു ലംഘിച്ചാല്‍ ഇടപെടുമെന്നും മുന്നറിയിപ്പ് ന്ല്‍കിയിട്ടുണ്ട്. മേയ് മുതലാണ് സര്‍ക്കാര്‍ വിമാന യാത്രാ നിരക്കിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചത്. 

കോവിഡ് രൂക്ഷമായത് കാരണം യാത്രക്കാര്‍ കുറയുന്നത് തടയാന്‍ ഇരപിടിയന്‍ നിരക്കിട്ട് യാത്രക്കാരെ ചാക്കിട്ടു പിടിക്കാന്‍ ചില കമ്പനികള്‍ മിനിമം നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതായി എയര്‍ലൈന്‍ പ്രതിനിധികള്‍ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. 

കോവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു വ്യോമയാന മേഖല. ഫെബ്രുവരിയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം മൂന്ന് ലക്ഷത്തിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം രൂക്ഷമായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലും താഴെക്ക് വന്നിരിക്കുകയാണിപ്പോള്‍. നിരവധി സംസ്ഥാനങ്ങള്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയതോടെ പലരും യാത്ര റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്. ഇത് ബുക്കിങിലും കാര്യമായ ഇടിവുണ്ടാക്കി. കോവിഡിനു മുമ്പ് പ്രതിദിന യാത്രക്കാരുടെ എണ്ണം നാല് മുതല്‍ നാലര ലക്ഷം വരെയായിരുന്നു. 


 

Latest News