VIDEO ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നു; 22 കോവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈ- രാജ്യത്ത് പലയിടത്തം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 22 കോവിഡ് രോഗികള്‍ പ്രാണവായു കിട്ടാതെ ദാരുണമായി മരിച്ചു. സാക്കില്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് ദുരന്തം. ആശുപത്രിക്കു പുറത്ത് ഓക്‌സിജന്‍ ടാങ്കറില്‍ വലിയ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം അര മണിക്കൂറോളം തടസ്സപ്പെടുകയായിരുന്നു. മരിച്ച എല്ലാ രോഗികളും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. കോവിഡ് ആശുപത്രിയായ ഇവിടെ 150 രോഗികളാണ് ഓക്‌സിജനെ ആശ്രയിച്ച് ചികിത്സയിലുള്ളത്. 31 പേരെ ഉടന്‍ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പ്രഖ്യാപിച്ചു. ടാങ്കറില്‍ നിന്ന് ചോര്‍ന്ന ഓക്‌സിജന്‍ ആശുപത്രി പരിസരത്ത് വെളുത്ത പുകപേലെ വ്യാപിച്ചു. ഇതു കണ്ട രോഗികളും കുടെയുള്ളവരും പരിഭ്രാന്തരായി. പ്രാണവായുവിനായി പിടയുന്ന രോഗികളെ സഹായിക്കാന്‍ പാടുപെടുന്ന കുടെയുള്ളവരും നൊമ്പരക്കാഴ്ചയായി. ചോര്‍ച്ചയെ തുടര്‍ന്ന് സ്ഥലത്ത് അഗ്നിശമന സേനയും എത്തി. വെള്ളം ചീറ്റിയാണ് ചോര്‍ച്ച ആദ്യം പ്രതിരോധിച്ചത്. 

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഞ്ച് ലക്ഷം രൂപ ദുരിതാശ്വസ തുകയായി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

Latest News