വാക്‌സിന്‍ വില നിയന്ത്രണം നീക്കിയത് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി, പാവങ്ങള്‍ക്കും കനത്ത വില

ന്യൂദല്‍ഹി- സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യത വരുത്തുകയും സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന തരത്തില്‍  കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നയം മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന വാക്‌സിനു മാത്രമാകും ഇനി വില നിയന്ത്രണം ബാധകമാകുക. ബാക്കി വാക്‌സിനുകള്‍ക്ക് എത്ര വിലയിടണം എന്നത് കമ്പനികള്‍ക്ക് തീരുമാനിക്കാം. കമ്പനികള്‍ പറയുന്ന വിലയില്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളും വാക്‌സീന്‍ വാങ്ങേണ്ടി വരും. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനൊപ്പം പൊതുജനങ്ങളും വന്‍ വില നല്‍കി വാക്‌സിന്‍ വാങ്ങേണ്ടി വരും. 

പുതിയ നയം അനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ പകുതിയും കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. ഡോസിന് 150 നിരക്കിലാണ് സര്‍ക്കാര്‍ വാക്‌സിന്‍ ഉല്‍പ്പാദകരായ കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാതി എടുത്തതിന് ശേഷം വരുന്ന 50 ശതമാനം വാക്‌സിനുകളില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും വാക്‌സിന്‍ വാങ്ങേണ്ടത്. ഈ 50 ശതമാനത്തിന്റെ വില കമ്പനി നിശ്ചിയിക്കുന്ന തുകയായിരിക്കും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമൊന്നും വച്ചിട്ടില്ല. വില പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ മാത്രമാണുള്ളത്. ഇതോടെ കമ്പനികള്‍ പറയുന്ന വിലയ്ക്ക് വാക്‌സിന്‍ വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്.

ഇതോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നും വാക്‌സിന്‍ എടുക്കണമെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കമ്പനി പറയുന്ന വില തന്നെ നല്‍കേണ്ടി വരും. ഇത് വന്‍തുകയായിരിക്കും. കേന്ദ്രത്തിന്റെ നയം മാറ്റത്തോടെ പാവപ്പെട്ട വലിയൊരു ജനവിഭാഗത്തിന് വാക്‌സിന്‍ വില താങ്ങാവുന്നതിലും അപ്പുറത്താകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിന്‍ ക്ഷാമത്തിന് ഇനി പഴികേള്‍ക്കേണ്ടി വരിക സംസ്ഥാനങ്ങളായിരിക്കും. മേയ് ഒന്നുമുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇതിനാവശ്യമായ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടില്ല. പുതിയ നയപ്രകാരം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വാങ്ങണം. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് ആവശ്യമായ രണ്ടാം ഡോസ് വാക്‌സിന്‍ മാത്രമെ ഇനി കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കൂ.

കോവിഡ് പ്രതിസന്ധിയും മറ്റും കാരണം ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കവും പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് കനത്ത ബാധ്യതയാകും. വാക്‌സിന്‍ ക്ഷാമമുണ്ടായാല്‍ പഴി സംസ്ഥാനങ്ങള്‍ തന്നെ കേള്‍ക്കേണ്ടിയും വരും. നിലവില്‍ വാക്‌സിന്‍ ക്ഷാമത്തിന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തത്.
 

Latest News