ന്യൂദല്‍ഹി- ചൊവ്വാഴ്ച ഇന്ത്യയില്‍ 2.94 ലക്ഷം പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ആഗോള തലത്തില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റഴും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ രണ്ടാമതാണിത്. പ്രതിദിന മരണ സംഖ്യയും ആദ്യമായി രണ്ടായിരം കടന്നു. 2,021 പേരാണ് മരിച്ചത്. കോവിഡ് ആദ്യ തരംഗത്തിന്റെ ഏറ്റവും രൂക്ഷമായ സമയത്ത് സെപ്തംബര്‍ 17ന് 98,795 കേസുളാണ് റപോര്‍ട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ഇതിന്റെ മൂന്നിരട്ടിയോളം ഉയര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,94,291 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ജനുവരി എട്ടിന് യുഎസില്‍ റിപോര്‍ട്ട് ചെയ്ത 3,07,570 കേസുകളാണ് ലോകത്ത് ഇതുവരെ വന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്.
പോസിറ്റിവിറ്റി നിരക്കും ദേശീയ തലത്തില്‍ വളരെ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു, 19 ശതമാനം. പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷവും മറികടന്നേക്കുമെന്നാണ് സൂചന. ദല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 32 ശതമാനമാണ്. ബംഗാളില്‍ 25, മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 20 ശതമാനവുമാണ് ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍.
ഇനിയും 10 ദിവസം കൂടി ബാക്കിനില്‍ക്കെ ഏപ്രില്‍ മാസത്തില്‍ മാത്രം ഇതുവരെ 34 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ ഒരു മാസത്തിലും ഇത്ര ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ പകുതിയിലേറെ കേസുകളും, 17.4 ലക്ഷം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രമാണ്. ആഗോള തലത്തില്‍ ആകെ കോവിഡ് കേസുകളുടെ 30 ശതമാനം വരും ഇപ്പോള്‍ ഇന്ത്യയിലെ എണ്ണം.






