തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിന് ഇനി പത്തുനാളുകൾ മാത്രം. തെരഞ്ഞെടുപ്പ് ഫലം അടുത്തതോടെ പാർട്ടിക്കുള്ളിൽ പുതിയ സർക്കാരിന്റെ രൂപീകരണത്തെക്കുറിച്ചാണ് ആലോചന. കോവിഡിന്റെ രണ്ടാം വരവിനിടയിലും നേതാക്കളുടേയും സ്ഥാനാർഥികളുടെ ചങ്കിടിപ്പ് ഫലമെന്താകുമെന്നതിലാണ്. ജയപരാജയങ്ങൾക്കൊപ്പം മന്ത്രിസഭയിൽ കയറിപ്പറ്റുന്നതിനെ കുറിച്ചും ചിന്തതുടങ്ങി. മന്ത്രിക്കുപ്പായം തുന്നിച്ചവർ ഇരുമുന്നണികളിലുമുണ്ട്.
ആരായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിനു ഉത്തരം തേടാനുള്ള കാത്തിരിപ്പുകൂടിയാണ് പത്തുനാൾ. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ യു.ഡി.എഫിനാണ് അധികാരം കിട്ടുന്നതെങ്കിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് നിലനിൽക്കുന്നു.
യു.ഡി.എഫിന് 80 സീറ്റിന് മുകളിൽ കിട്ടിയാൽ രമേശ് ചെന്നിത്തല തന്നെയായിരിക്കും മുഖ്യമന്ത്രി. നേരിയ ഭൂരിപക്ഷമാണ് ലഭിക്കുന്നതെങ്കിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് ഘടകകക്ഷികൾ ആവശ്യമുന്നയിച്ചേക്കും.
ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കമുണ്ടാകാൻ സാധ്യത കുറവാണ്. ഉമ്മൻചാണ്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ അദ്ദേഹത്തിന് പരിമിതികളുണ്ട്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയതിനാൽ രമേശിന് മുഖ്യമന്ത്രിസ്ഥാനം നൽകണമെന്നാണ് ഐ വിഭാഗത്തിന്റെ അഭിപ്രായം. കോൺഗ്രസിലെ കീഴ്‌വഴക്കവും അങ്ങനെയാണ്. എ വിഭാഗത്തിൽനിന്ന് എതിർപ്പുണ്ടായാൽ ആഭ്യന്തരവകുപ്പ് നൽകി പ്രശ്‌നം പരിഹരിക്കേണ്ടി വരും. രമേശിന് ഹൈക്കമാന്റിന്റെ പിന്തുണയും കിട്ടിയേക്കും. കോൺഗ്രസിന് സീറ്റുകൾ കുറവും ലീഗിന് കൂടുതലും ലഭിച്ചാൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ലീഗിന്റെ അഭിപ്രായം പരിഗണിക്കേണ്ടിവരും.
എൽ.ഡി.എഫ് വന്നാൽ പുതിയ ടീമുമായിട്ടായിരിക്കും പിണറായി വിജയൻ മന്ത്രിസഭയുണ്ടാക്കുക. പാർട്ടിയിലെ മുതർന്ന നേതാക്കൾ ഇത്തവണ മത്സരിക്കാതിരുന്നതിനാൽ കൂടുതലും പുതുമുഖങ്ങളായിരിക്കും മന്ത്രിമാർ. കെ.കെ. ശൈലജ, എ.സി. മൊയ്തീൻ എന്നിവർ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണ്. കടകംപള്ളി സുരേന്ദ്രന്റെ കാര്യത്തിൽ സംശയമാണ്. തിരുവനന്തപുരത്തുനിന്ന് വി.കെ. പ്രശാന്തിന് സാധ്യത കൂടുതലാണ്. കെ.ടി. ജലീൽ ഹൈക്കോടതി വിധിയോടെ പുതിയ മന്ത്രിസഭയിൽ ഉണ്ടാവില്ല. പകരം പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ മന്ത്രിസ്ഥാനത്തെത്തിയേക്കും. മന്ത്രിമാർ ആരായിരിക്കണമെന്ന് പാർട്ടി നിശ്ചയിക്കുന്ന കീഴ്‌വഴക്കം പിണറായി വിജയനാണെങ്കിൽ നടക്കില്ല. സ്വന്തം അഭിപ്രായം തന്നെയായിരിക്കും ഇക്കുറി നടപ്പാകുക. ഭരണപരിചയമുള്ളവർ ഇത്തവണ കുറവായിരിക്കുമെന്നർഥം.
യു.ഡി.എഫിലും പുതുമുഖ മന്ത്രിമാരുണ്ടാകും. വി.ഡി. സതീശൻ, ശബരിനാഥ്, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരെ പരിഗണിക്കാം. എല്ലാം മേയ് രണ്ടിന് തെരഞ്ഞെടുപ്പ് വിധി വന്നശേഷം കാണേണ്ട പൂരങ്ങളാണ്.