ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്.ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. വനിതകളെ ഉപയോഗിച്ച് വശീകരിച്ച ശേഷം രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നത്.
ഇസ്്‌ലാമാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ പരിഭാഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചത്. അന്വേഷണവുമായി സഹകരിക്കുന്ന ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രഹസ്യങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സുപ്രധാന രേഖകളുടെ പരിഭാഷ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരായതിനാല്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് പാളിച്ച പറ്റിയതായി അധികൃതര്‍ കരുതുന്നില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചാരവനിതകളെ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന തന്ത്രം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും പാക്കിസ്ഥാനില്‍നിന്ന് ഇത്തരം സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യാറില്ല.
ചാരവൃത്തി ആരോപിച്ച് ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ വര്‍ഷം ഏതാനും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ചാരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ യാദവ് പാക് ജയിലില്‍ വധശിക്ഷ കാത്തു കഴിയുകയാണ്.