ന്യുദല്‍ഹി- ഒന്നിച്ചുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മാണത്തിന്റെ ആവശ്യകത കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ചോദ്യം ചെയ്തിരുന്നതായി രേഖകള്‍. മുത്തലാഖ് നിരാധന ബില്ലിന് കേന്ദ്ര മന്ത്രിസഭാ വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയത്. ബില്‍ അംഗീകരിക്കുന്നതിന് മുന്നോടിയായി അഭിപ്രായങ്ങള്‍ തേടി എല്ലാ മന്ത്രാലയങ്ങള്‍ക്കും നല്‍കിയിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ അംഗീകരിച്ചപ്പോള്‍ വനിതാ വികസന മന്ത്രാലയം മാത്രമാണ് ചില കാര്യങ്ങളില്‍ വിസമ്മതം അറിയിച്ചത്. നിലവിലെ നിയമങ്ങള്‍ മുത്തലാഖ് തടയാന്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനായി പ്രത്യേക നിയമം വേണ്ടതുണ്ടോ എന്ന സംശയം മന്ത്രാലയം ഉന്നയിച്ചത്.
മുത്തലാഖ് മുഖേനയുള്ള വിവാഹമോചനം ക്രൂരതയാണെന്നും ഇത് ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 498എ-യുടെ പരിധിയില്‍ വരുന്നതാണെന്നുമാണ് വനിതാ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ മുത്തലാഖ് നിരോധനത്തിന് പുതിയ നിയമം ആവശ്യമില്ലെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനക്കേസുകളില്‍ ഈ നിയമമാണ് പ്രയോഗിക്കുന്നത്. സ്ത്രീകള്‍ ക്രൂരതയ്ക്ക് ഇരയാകുമെന്നതിനാല്‍ മുത്തലാഖിനും ഇതിലെ വകുപ്പുകള്‍ ബാധകമാകും.
എന്നാല്‍ നിയമ മന്ത്രാലയം വനിതാ വികസന മന്ത്രാലയത്തിന്റെ അഭിപ്രായത്തോട് വിയോജിച്ചു. ഒന്നിച്ചുള്ള മുത്തലാഖ് നിയന്ത്രിക്കാന്‍ നിലവില്‍ മറ്റൊരു നിയമത്തിലും വകുപ്പുകളില്ലെന്നും അതിനാലാണ് പുതിയ നിയമമെന്നുമായിരുന്നു നിയമ മന്ത്രാലയത്തിന്റെ വിശദീകരണം.