ജയ്ശ്രീറാം വിളിച്ചില്ല, നാലാം ക്ലാസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു

കൊല്‍ക്കത്ത- രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നാലാം ക്ലാസ്സുകാരനെ മുഖത്തും തലയിലും അടിച്ച് പരിക്കേല്‍പിച്ചയാള്‍ ഒളിവില്‍. ബി.ജെ.പി പ്രവര്‍ത്തകനും പ്രാദേശിക വനിതാ നേതാവിന്റെ ഭര്‍ത്താവുമായ മഹാദേവ് പ്രമാണിക് ആണ് കടുംകൈ ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒൡവില്‍ പോയത്.
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. ഫുലിയ എന്ന സ്ഥലത്ത് ചായക്കട നടത്തുകയാണ് പ്രമാണിക്. കടക്ക് മുന്നിലൂടെ പോയ കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകനായ ശ്യാം ചന്ദ് ശര്‍മയുടെ മകനാണ് കുട്ടി.
17 ന് നടന്ന വോട്ടെടുപ്പിനിടെ ശര്‍മയുമായി കശപിശ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ ഇയാള്‍ വഴക്കു പറഞ്ഞത്. കുട്ടിയോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു മര്‍ദനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണെങ്കിലും സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest News