കൊച്ചി- കലാമേളയില്‍ പാട്ടുപാടി മികച്ച പ്രകടനം നടത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ സഹപാഠിയായ ആണ്‍കുട്ടി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിന് ഇരുവരേയും പുറത്താക്കിയ സ്‌കൂള്‍ നടപടി ഹൈക്കോടതി ശരിവെച്ചു. തിരുവനന്തപുരത്തെ മാര്‍ത്തോാമ ചര്‍ച്ച് മാനേജ്മെന്റിനു കീഴിലുള്ള സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍ ഓഗസ്റ്റിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. ഇതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ഉടന്‍ തിരിച്ചെടുക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്.
ബാലാവകാശ കമ്മീഷന് ഉത്തരവിടാനുള്ള അധികാരമില്ലെന്നും നടപടി എടുക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനെ കഴിയൂവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ അധികൃതരുടെ നടപടി ഹൈക്കോടതി ശരിവെച്ചത്. സ്‌കൂളിലെ രക്ഷാധികാരി പ്രിന്‍സിപ്പാലാണെന്നും സ്ഥാപനത്തിലെ അച്ചടക്കവും സദാചാരവും നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാനുള്ള അധികാരം പ്രിന്‍സിപ്പലിനാണെന്നും കോടതി വ്യക്തമാക്കി. ഇവിടെ ബാലാവകാശ കമ്മീഷന്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റില്‍ സ്‌കൂളില്‍ നടന്ന കലാമേളയില്‍ പാശ്ചാത്യ സംഗീത വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തി വേദിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനിയെ സുഹൃത്തായ വിദ്യാര്‍ഥി ആശ്ലേഷിച്ച് അഭിനന്ദിച്ചതാണ് പ്രശ്നമായത്. മറ്റു കുട്ടികള്‍ക്ക് മുമ്പില്‍ വെച്ചുള്ള ഈ കെട്ടിപ്പിടിത്തം സ്‌കൂളിലെ അച്ചടക്ക ലംഘനമാണെന്നും സദാചാര വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ സ്‌കൂളില്‍നിന്ന് പുറത്താക്കിയത്. സഹപാഠിയെ അഭിനന്ദിക്കുക മത്രമാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥി മറുപടി നല്‍കുകയും ഇരുവരും വൈസ് പ്രിന്‍സിപ്പാലിനു മുമ്പാകെ മാപ്പു പറയുകയും ചെയ്തിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുമുണ്ട്. തന്റെ അനുമതിയില്ലാതെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇതിലെ ചിത്രങ്ങളെടുത്ത് തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പടുത്തിയതായും വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സംശയകരമായ സാഹചര്യങ്ങളിലുള്ളതാണെന്നും ഇതു പരസ്യമായതിനാല്‍ സ്‌കൂളിന്റെ സല്‍പേരിന് കളങ്കമാകുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.