Sorry, you need to enable JavaScript to visit this website.

ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദിയ

റിയാദ് - മെയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെങ്കിലും പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുകളുണ്ടാകില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ വ്യക്തമാക്കി. ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്ന അറിയിപ്പാണിത്.

വിമാന സര്‍വീസ് വിലക്ക് മെയ് 17 മുതല്‍ എടുത്തുകളയുമോയെന്നും വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുമോയെന്നുമുള്ള സൗദി പൗരന്മാരില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്.

https://www.malayalamnewsdaily.com/sites/default/files/2021/04/20/p2travel.jpg

 അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ എടുത്തുകളയുന്നത് കൊറോണ വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് സൗദിയ വ്യക്തമാക്കി. കൊറോണ വ്യാപനം രൂക്ഷമായ ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നത് ഫെബ്രുവരി മൂന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഇന്ത്യ, അര്‍ജന്റീന, യു.എ.ഇ, ജര്‍മനി, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമല്ല.

സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദിയില്‍ പ്രവേശിക്കുന്നതിന് പതിനാലു ദിവസം മുമ്പ് ഈ രാജ്യങ്ങളിലൂടെ കടന്നുപോയ മറ്റു രാജ്യക്കാര്‍ക്കും പ്രവേശന വിലക്ക് ബാധകമാണ്. കൊറോണ വാക്‌സിന്‍ ശേഖരം ലഭിക്കാന്‍ കാലതാമസം നേരിടുന്ന കാര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടിവെച്ചതായി ആഭ്യന്തര മന്ത്രാലയം ജനുവരി 29 ന് അറിയിച്ചിരുന്നു.

മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. ഇതാണ് മെയ് 17 ലേക്ക് നീട്ടിവെച്ചത്. മെയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുകയും സൗദി പൗരന്മാര്‍ക്ക് വിദേശയാത്രാനുമതി നല്‍കുകയും ചെയ്യും.


മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു


ഏതാനും രാജ്യങ്ങളില്‍ തീവ്രത കൂടിയ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും അതിര്‍ത്തികള്‍ അടക്കാനുമുള്ള തീരുമാനം ഡിസംബര്‍ 20 ന് ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പിന്നീട് ഒരാഴ്ചത്തേക്കു കൂടി നീട്ടി. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും അതിര്‍ത്തികള്‍ തുറക്കുന്നതും മാര്‍ച്ച് 31 ലേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി ജനുവരി എട്ടിനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 31 മുതല്‍ പൂര്‍ണ തോതില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും അതിര്‍ത്തികള്‍ തുറക്കുമെന്നും സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രാനുമതി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതെല്ലാം മെയ് 17 ലേക്ക് നീട്ടിവെച്ചതായി ആഭ്യന്തര മന്ത്രാലയം ജനുവരി 29 ന് അറിയിക്കുകയായിരുന്നു.

അതിനിടെ, സൗദിയ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അണുനശീകരണികളും മറ്റു പ്രതിരോധ സംവിധാനങ്ങളും വിതരണം ചെയ്യാന്‍ ശുചീകരണ വസ്തുക്കളും അണുനശീകരണികളും നിര്‍മിക്കുന്ന കമ്പനിയുമായി സൗദിയ കരാര്‍ ഒപ്പുവെച്ചു. പ്രത്യേക കവറുകളില്‍ യാത്രക്കാര്‍ക്ക് കമ്പനി അണുനശീകരണികള്‍ നല്‍കും. കൂടാതെ, ഹെറിറ്റേജ് കമ്മീഷന്‍ സഹകരണത്തോടെ രൂപകല്‍പന ചെയ്ത് തെരഞ്ഞെടുത്ത, രാജ്യത്തെ വിവിധ പ്രവിശ്യകളിലെ പ്രധാന അടയാളങ്ങളെയും വാസ്തുവിദ്യാ പൈതൃകത്തെയും കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം നല്‍കും.കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ട ആദ്യ നാളുകള്‍ മുതല്‍ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കാന്‍ സൗദിയ പ്രത്യേക താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികള്‍ അടങ്ങിയ ഡയമണ്ട് വിഭാഗത്തില്‍ സൗദിയയെ ഉള്‍പ്പെടുത്താന്‍ ഇത് സഹായകമായതായും സൗദിയയിലെ മാര്‍ക്കറ്റിംഗ്, പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അഖുന്‍ബായ് പറഞ്ഞു.

 

 

Latest News