പനജി- സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച അന്തിമ വാദം സുപ്രീം കോടതിയില്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ ഗോവയില്‍ പണം മുടക്കിയുള്ള സെക്സ് സേവനത്തിന് ആധാര്‍ നിര്‍ബന്ധമാണ്. ലൈംഗിക തൊഴിലാളികളെ സമീപിക്കണമെങ്കില്‍ ആധാര്‍ നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും എല്ലാ വെരിഫൈ ചെയ്യും. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയോ അധികാരികളോ അല്ല ഈ വെരിഫിക്കേഷന്‍ നടത്തുക. സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റുമാരാണെന്നു മാത്രം.
പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് കര്‍ശന വെരിഫിക്കേഷന്‍. വേശ്യാവൃത്തിക്കെതിരെ പോലീസ് നടപടികള്‍ ശക്തമാക്കിയതോടെയാണ് സ്ത്രീകളെ എത്തിച്ചു നല്‍കുന്ന പിമ്പുകള്‍ വെരിഫിക്കേഷനും ശക്തമാക്കിയത്. ആദ്യം മൊബൈല്‍ നമ്പറാണ് പരിശോധിക്കുക. ഉപഭോക്താവിന്റെ പേരില്‍ തന്നെയാണ് കണക്്ഷനെങ്കില്‍ ആദ്യ കടമ്പ കടക്കാം. അടുത്തത് ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു നല്‍കണം. പിന്നെ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ താക്കോല്‍ ഫോട്ടോ എടുത്ത് വാട്സാപ്പ് ചെയ്തു കൊടുക്കണം. ഹോട്ടലിന്റെ ടാഗ് താക്കോലില്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണിത്. ശേഷം ഹോട്ടലിന്റെ പരിസരം നിരീക്ഷിക്കും. സമീപത്ത് 'അപകടം' പതിയിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാണിത്. ഈ കര്‍ശന പരിശോധനകളിലൂടെയാണ് സ്ത്രീകളെ തേടി ഇവിടെ എത്തുന്നവര്‍ക്ക് കടന്നു പോകേണ്ടതെന്ന് ദല്‍ഹിയില്‍ നിന്നെത്തിയ അഞ്ച് യുവാക്കളുടെ അനുഭവം ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടം പോലീസാണ്. വേശ്യാവൃത്തിക്കെതിരെ പോലീസ് ശക്തമായ നീക്കമാണ് നടത്തുന്നത്. സംഘങ്ങളായി വന്ന് കൂടുതല്‍ സ്ത്രീകളെ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചു ലഭിക്കുക പ്രയാസമാണ്. സ്ത്രീകളെ പിടികൂടിയാല്‍ പിമ്പുകളുടെ ബിസിനസ് പൊളിയും. വളരെ സൂക്ഷിച്ചാണ് പിമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസും പറയുന്നു.
വെബ്സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ചില സംഘങ്ങളും സ്്ത്രീകളെ കാണിച്ച് ടൂറിസ്റ്റുകളെ പ്രലോഭിപ്പിക്കുന്നുണ്ട്. ഇവരില്‍ 90 ശതമാനവും തട്ടിപ്പാണെന്ന് പോലീസ് തന്നെ പറയുന്നു. ഇവര്‍ പറയുന്നതിനുസരിച്ച് പോയാല്‍ ഏതെങ്കിലും കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സ്ത്രീയെ കാണിക്കും. അവര്‍ കൈവീശി കാണിക്കുന്നതോടെ പിമ്പ് ഉപഭോക്താവില്‍നിന്ന് നല്ലൊരു തുക വാങ്ങി സ്ഥലം വിടും. പിന്നീട് ആ ഫ് ളാറ്റിലേക്ക് കയറി ചെന്നാല്‍ ആരും വാതില്‍ തുറക്കാനുണ്ടാവില്ല. വാതിലില്‍ മുട്ടുന്നത് കേട്ട് തൊട്ടടുത്ത താമസക്കാരെത്തി ആളെ ആട്ടി വിടും. ഈ സ്ത്രീകളേയും താമസക്കാരെയുമെല്ലാം ഇത്തരം സംഘങ്ങള്‍ തന്നെ ഏര്‍പ്പാടാക്കുന്നതാണെന്നും പോലീസ് പറയുന്നു.