മലപ്പുറം-ജില്ലയിലെ ബീച്ചുകളിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ബീച്ചിലെത്തുന്ന യുവതീ-യുവാക്കളുടെ വീഡിയോ ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. കഴിഞ്ഞ ദിവസം താനൂരിലെ ബീച്ചില്‍ കമിതാക്കള്‍ക്കുണ്ടായ അനുഭവം പുറത്തു വന്നതോടെയാണ് ഇത്തരം സംഭവങ്ങള്‍ ഏറെ നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്.
സാമൂഹ്യപ്രവര്‍ത്തകനും ട്രോമാ കെയര്‍ അംഗവുമായ ജെയ്‌സല്‍ താനൂര്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
രണ്ടു വര്‍ഷം മുമ്പ് പ്രളയകാലത്ത് ദുരന്തത്തില്‍ പെട്ടവരെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രക്ഷിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ജെയ്‌സല്‍ താനൂരാണ് ബ്ലാക്‌മെയിലിംഗ് പരാതിയില്‍ പ്രതിയായത്. ഇയാള്‍ക്കെതിരെ യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കെസെടുത്തിട്ടുള്ളത്. ബീച്ചിലെത്തിയ യുവതിയെയും യുവാവിനെയും ജെയ്‌സല്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഇവര്‍ ബീച്ചിലിരിക്കുമ്പോള്‍ ജെയ്‌സല്‍ ഭീഷണിപ്പെടുത്തിയെന്നും ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. 5000 രൂപ ജെയ്‌സലിന് നല്‍കിയെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞാണ് രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു.
താനൂരില്‍ ബീച്ച് കേന്ദ്രീകരിച്ച് സദാചാര പോലീസ് ചമഞ്ഞ് പണം അപഹരിക്കുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ബീച്ചില്‍ എത്തുന്നവരെ രഹസ്യമായി നിരീക്ഷിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഒരു സംഘം ആളുകള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. താനൂര്‍ കടപ്പുറത്തെ തൂവല്‍ തീരം ബീച്ചില്‍ വരുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വിലസുന്നുണ്ട്. പങ്കാളികളുമായി ബീച്ചില്‍ എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. പണം നല്‍കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തും.പണം നല്‍കിയ പലരും മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാറില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജില്ലയിലെ മറ്റു ബീച്ചുകളിലുമുണ്ടെന്നും പരാതികളുണ്ട്.ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജെയ്‌സലിനെ ട്രോമ കെയര്‍ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.






