കണ്ണൂർ- കണ്ണൂരിലെ വിവിധ ജയിലുകളിൽ തടവുകാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണർത്തുന്നു. കോവിഡ് ബാധിതനായതിനാൽ കൊലക്കേസിലെ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വിടാൻ സാധിക്കാത്തതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലും രണ്ട് തടവുകാരെ കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ചു. ആദ്യഘട്ട കോവിഡ് ബാധയുണ്ടായപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മാസങ്ങളോളം പരോൾ നൽകിയാണ് ഈ പ്രതിസന്ധി മറികടന്നത്. മുഴുവൻ അന്തേവാസികളെയും അടുത്ത ദിവസത്തിൽ കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.
പാനൂർ മൻസൂർ വധക്കേസിലെ മുഖ്യ പ്രതി ഷിനോസിന് തലശ്ശേരി സബ്ജയിലിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ കോടതിയിൽ ഹാജരാക്കാനോ, കസ്റ്റഡിയിൽ വിടാനോ സാധിച്ചിരുന്നില്ല. പല കേസുകളിലും ശിക്ഷിക്കപ്പെട്ടോ, റിമാൻഡ് ചെയ്യപ്പെട്ടോ എത്തുന്നവരിൽ നിന്നാണ് ജയിലിലെ അന്തേവാസികൾക്ക് കോവിഡ് ബാധയുണ്ടാകുന്നത്. ജയിലിലെ പ്രായമായ പല തടവുകാരും പല വിധത്തിലുള്ള രോഗങ്ങൾ ഉള്ളവരാണ്. അതിനാൽ കോവിഡ് ബാധയുണ്ടായാൽ സ്ഥിതി ഗുരുതരമായി മാറും. ഈ സാഹചര്യത്തിലാണ് കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ളവയിലെ മുഴുവൻ തടവുകാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സർക്കുലർ അയച്ചത്. പരിശോധനയിൽ രോഗം കണ്ടെത്തുന്നവരെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം.
മുമ്പ് ചെയ്തതു പോലെ അർഹതയുള്ള മുഴുവൻ തടവുകാർക്കും പരോൾ അനുവദിക്കാനുള്ള ആലോചനയുമുണ്ട്. എന്നാൽ ജയിലിനു പുറത്തും കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ഈ തീരുമാനം എത്രത്തോളം പ്രായോഗികമാവുമെന്ന കാര്യത്തിൽ സംശയമുണ്ട്. തടവുകാർക്കുള്ള ചികിത്സയും നിരീക്ഷണവും ജയിലിനകത്തു തന്നെ ഒരുക്കണമെന്ന നിർദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു വെക്കുന്നത്. കഴിഞ്ഞ വർഷം തോട്ടട പോളിടെക്‌നിക്കിനു സമീപം തടവുകാർക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് ഈ കേന്ദ്രം ഒഴിവാക്കിയത്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പരിമിതികൾ ഏറെയുണ്ട്. കഴിഞ്ഞ വർഷം ഈ കേന്ദ്രത്തിൽ നിന്ന് 3 തടവുകാർ ചാടിപ്പോയിരുന്നു.
വിവിധ കേസുകളിൽ അറസ്റ്റിലാവുന്നവരെയും ശിക്ഷാ തടവുകാരെയും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോടെയാണ് കോടതിയിൽ ഹാജരാക്കാറുള്ളത്. കോവിഡ് നെഗറ്റീവായാലും ശിക്ഷാ തടവുകാരെ നേരിട്ട് സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കാറില്ല. പകരം ഏഴു ദിവസം സബ് ജയിലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ശേഷമാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുക. നിലവിൽ, മൂന്ന് തടവുകാർ കോവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.






