കണ്ണൂര്‍- എ.ടി.എം കവര്‍ച്ചക്കാരന്റെ കൈവശമുള്ള കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ തട്ടിയ പോലീസുദ്യോഗസ്ഥന്‍ ഒളിവില്‍ പോയി. തളിപ്പറമ്പ് സ്റ്റേഷനിലെ സി.പി.ഒ, അതിയടം സ്വദേശി ശ്രീകാന്താണ് ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം ഇയാളെ റൂറല്‍ എസ്.പി സസ്‌പെന്‍ഡു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയത്.
ഇന്നലെ റൂറല്‍ എസ്.പി നവനീത് ശര്‍മ്മ മുമ്പാകെ ഹാജരാവാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരായില്ല. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
എ.ടി.എം കാര്‍ഡ് കവര്‍ന്ന പുളിമ്പറമ്പ് സ്വദേശി ഗോകുല്‍, ഈ കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപയാണ് തട്ടിയെടുത്തത്. ഇതില്‍ 50,000 രൂപ സഹോദരിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. ഈ തുകയാണ് കാര്‍ഡ് കൈക്കലാക്കിയ പോലീസുകാരന്‍ തട്ടിയെടുത്തത്. പല തവണകളിലായാണ് പണം തട്ടിയത്. ഏപ്രില്‍ രണ്ടിനാണ് ഇയാള്‍ പിടിയിലായത്. മൂന്നിന് റിമാന്‍ഡിലാവുകയും ചെയ്തു. 50,000ത്തിന് പുറമെ സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 785 രൂപയും തട്ടിയെടുത്തതായാണ് പരാതി.
അതിനിടെ, ഈ സംഭവത്തില്‍ മോഷണകുറ്റത്തിന് പകരം വിശ്വാസ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല എഫ്.ഐ.ആറില്‍ ശ്രീകാന്തിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല.