കൊച്ചി- ലോകായുക്തക്ക് പിന്നാലെ ഹൈക്കോടതിയിൽനിന്നും തിരിച്ചടിയേറ്റതോടെ മുൻ മന്ത്രി കെ.ടി ജലീലിന്റെ രാഷ്ട്രീയ ഭാവിയിലും കരിനിഴൽ വീഴുന്നു. നേരത്തെ ഹൈക്കോടതി തള്ളിയ കേസാണിതെന്നായിരുന്നു ലോകായുക്ത വിധിക്ക് പിന്നാലെ ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയിൽ പോയാൽ അനുകൂല തീരുമാനം ലഭിക്കുമെന്നും ജലീൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഹരജി ഫയലിൽ പോലും സ്വീകരിക്കാതെ ഹൈക്കോടതി തള്ളിയത് ജലീലിന് കനത്ത തിരിച്ചടിയായി. തന്റെ ഭാഗം കേൾക്കാതെയാണ് ലോകായുക്ത വിധി പ്രസ്താവിച്ചതെന്ന ജലീലിന്റെ വാദം കൂടി ഹൈക്കോടതി മുഖവിലക്ക് എടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തന്നെ, കേരളത്തിൽ ഔദ്യോഗിക പദവി സ്വാർത്ഥ ലാഭത്തിന് വേണ്ടി വേണ്ടി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് നിരീക്ഷണം കൂടി ഹൈക്കോടതി നടത്തി. ഔദ്യോഗിക പദവിയോ സംവിധാനമോ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അഴിമതിയാണെന്നും ഹൈക്കോടതി വിലയിരുത്തി.
പിണറായി മന്ത്രിസഭയിലെ കരുത്തനായ അംഗം എന്ന നിലയിലാണ് കഴിഞ്ഞ അഞ്ചു വർഷവും ജലീൽ പ്രവർത്തിച്ചിരുന്നത്. പിണറായി വിജയനുമായുള്ള അടുപ്പം ജലീലിന് ഏറെ ഉപകാരപ്രദമായിരുന്നു. ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ നിയമിച്ചതോടെയാണ് ജലീലിന്റെ കാര്യത്തിൽ പ്രതിസന്ധി രൂപപ്പെട്ടത്. ജലീലുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ഒന്നും തെളിയിക്കാനായിരുന്നില്ല. ലോകായുക്തയിലെ കേസിലും കാര്യമായ നടപടിയുണ്ടാകില്ല എന്ന തോന്നലിൽ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തതാണ് ജലീലിന് വിനയായത്. സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടായാൽ പോലും ഇനി ജലീലിന് മന്ത്രിസഭയിൽ അംഗമാകുക എന്നത് ബാലികേറാമലയാകും. ഹൈക്കോടതിയുടെ നിരീക്ഷണം കൂടി വന്നതോടെ ജലീലിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരാണ് ഏറെയും.






