Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്കിനെതിരെ ഇന്റര്‍പോള്‍ നോട്ടീസില്ല; എന്‍.ഐ.എ വീണ്ടും ശ്രമിക്കും

ന്യൂദല്‍ഹി- ഭീകരത പ്രോത്സാഹിപ്പിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ആരോപണം നേരിടുന്ന പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോള്‍ വിസമ്മതിച്ചത് ദേശീയ അന്വേഷണ ഏജന്‍സിക്ക് തിരിച്ചടിയായി.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്റര്‍പോള്‍ മുമ്പാകെ പുതിയ അപേക്ഷ സമര്‍പ്പിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു.
സാക്കിര്‍ നായിക്കിനെതിരായ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കിയെന്നും വിവിധ രാജ്യങ്ങളിലെ ഇന്റര്‍പോള്‍ ഓഫീസുകള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും സാക്കിര്‍ നായിക്കിന്റെ വക്താവ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി എന്‍.ഐ.എ രംഗത്തുവന്നത്.
റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ആവശ്യം ഇന്റര്‍ പോള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് എന്‍.ഐ.എയുടെ വിശദീകരണം. ഇന്റര്‍പോളിന് അപേക്ഷ നല്‍കുമ്പോള്‍ സാക്കിര്‍ നായിക്കിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ലെന്നും ഇതാണ് തടസ്സമായതെന്നുമാണ് എന്‍.ഐ.എ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. മുംബൈയില്‍ ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ അതു കൂടി ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കാനാണ് നീക്കം.
കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും അന്യായമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് സാക്കിര്‍ നായിക്ക് ഗള്‍ഫ് നാടുകളിലാണ് കഴിയുന്നത്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ ലോകത്തെ ഏതു ഏജന്‍സിക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. പ്രകോപന പ്രസംഗങ്ങളിലൂടെ മതവിദ്വേഷം വളര്‍ത്തിയെന്നും ഭീകരര്‍ക്ക് ഫണ്ട് നല്‍കിയെന്നും കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് സാക്കിര്‍ നായിക്കനെതിരെ എന്‍.ഐ.എ ആരോപിക്കുന്നത്.

 

Latest News