മുംബൈ- മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം വാഗ്ദാനം ചെയ്ത് മുംബൈയിലെ വ്യാപാരിയില്‍നിന്ന് 40 ലക്ഷം രൂപ തട്ടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
48 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം 40 ലക്ഷത്തിനു ലഭിക്കുമെന്ന് അറിയിച്ച് സംഘത്തിലെ ഒരാളാണ് ആദ്യം 47 കാനായ ബിസിനസുകാരനെ സമീപിച്ചത്. ഒരു കിലോ സ്വര്‍ണം ചുളുവിലിക്ക് ലഭിക്കുമെന്നറിഞ്ഞതോടെ വ്യാപാരി വാങ്ങാന്‍ തയാറായി.
പണം നല്‍കിയ ശേഷം സംഘത്തിലെ ആരും ഫോണ്‍ എടുക്കാതായതോടെയാണ് വ്യാപാരി പോലീസിനെ സമീപിച്ചത്.
സാഗര്‍ ഓജ(28), പ്രമോദ് കുമാര്‍ യാദവ് (45), സുജാറാം മേഘ് വാള്‍ എന്ന സരാജ് ചൗഹാന്‍ (29) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ നേതാവ് സന്തോഷ് റെഡ്ഢി എന്നയാളാണെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
മുംബൈ പ്രാന്തത്തിലെ മലഡില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗാഡിയ എന്നയാളില്‍നിന്ന് ഓഫീസ് വാടകക്കെടുത്തിരുന്നു. രേഖകള്‍ ശരിയാക്കുന്നതിനു മുമ്പ് തന്നെ പൂജ നടത്തണമെന്ന് പറഞ്ഞ് സംഘം താക്കോല്‍ കൈക്കലാക്കി. ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് സുരേഷ് പുത്രജയ ജെയിന്‍ എന്ന ബിസിനസുകാരനെ കബളിപ്പിച്ചത്.
പെട്ടെന്ന് പണം അത്യാവശ്യമായി വന്നതിനാലാണ് 48 ലക്ഷം രൂപയുടെ സ്വര്‍ണം 40 ലക്ഷത്തിനു വില്‍ക്കുന്നതെന്നാണ് ബിസിനസുകാരനെ ഏജന്റുമാര്‍ മുഖേന വിശ്വസിപ്പിച്ചിരുന്നത്.
ഏജന്റ് നല്‍കിയ പത്ത് രൂപയിലെ കോഡുമായാണ് ജെയിന്‍ ഓഫീസിലെത്തിയത്. അവിടെ ഉണ്ടായിരുന്ന കോഡും തന്റെ പക്കലുള്ള കോഡും ഒന്നുതന്നെയെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് 40 ലക്ഷം രൂപ കൈമാറിയത്.
കുറച്ചുനേരം കാത്തുനില്‍ക്കാന്‍ പറഞ്ഞ് ഓഫസിലുണ്ടായിരുന്നയാള്‍ പുറത്തിറങ്ങി. ഏറെ നേരം കാത്തിരുന്നിട്ടും ആരും വരാത്തതിനെ തുടര്‍ന്നാണ് വ്യാപാരി വില്‍പനക്കാരനേയും ഏജന്റിനേയും ഫോണില്‍ വിളിക്കുകയായിരുന്നു. അവര്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടുവെന്ന് വ്യാപാരിക്ക് മനസ്സിലായതും ഡിന്‍ഡോഷി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതും.