ന്യൂദൽഹി- വാക്‌സിൻ ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് നിർമാതാക്കളിൽനിന്ന് വാക്‌സിൻ നേരിട്ടു വാങ്ങാമെന്ന് കേന്ദ്രം അറിയിച്ചു. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്‌സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വാക്‌സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും കമ്പനികൾക്ക് അനുമതി നൽകി. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്‌സിൻ നേരിട്ടു വാങ്ങാം.രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.






