ഇപ്പോള്‍ ഗര്‍ഭിണികളാകേണ്ട; സ്ത്രീകളോട് ബ്രസീല്‍ സര്‍ക്കാര്‍ 

ബ്രസീലിയ- ജനിതക മാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തല്‍ക്കാലം സ്ത്രീകള്‍ ഗര്‍ഭധാരണ മാറ്റിവെക്കണമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വൈറസ് വകഭേദങ്ങള്‍ ഗര്‍ഭിണികളില്‍ കൂടുതല്‍ അപകടകാരിയാണെന്നും സാധ്യമെങ്കില്‍ മറ്റൊരു നല്ല സമയത്തേക്ക് സ്ത്രീകള്‍ ഗര്‍ഭധാരണം മാറ്റിവെക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി റാഫേല്‍ കമാര പറഞ്ഞു. '42, 43 വയസ്സുള്ളവരോട് ഒരിക്കലും ഇതുപറയാനാവില്ല, എന്നാല്‍ ഇളംപ്രായക്കാരായ സ്ത്രീകളോട് തീര്‍ച്ചയായും പറയാം. അല്‍പ്പം കാത്തിരിക്കുന്നതാണ് ഏറ്റഴും നല്ലത്'- കമാര പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഇതുസംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും കമാര പറഞ്ഞു. നേരത്തെ പ്രസവം അടുത്ത സ്ത്രീകളിലായിരുന്നു കോവിഡ് കൂടുതല്‍ അപകടരമാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്നു മാസ കാലയളവിലും രണ്ടാം മൂന്നു മാസ കാലയളവിലും കോവിഡ് സങ്കീര്‍ണ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതു പരിഗണിച്ചാണ് ഗര്‍ഭധാരണം തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന്് ആവശ്യപ്പെടുന്നതെന്നും കമാര പറഞ്ഞു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമായ ബ്രസീലില്‍ ഇതുവരെ 3,68,000 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും മോശം സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കോവിഡ് സാഹചര്യം നേരിടുന്നതിലുള്ള പാളിച്ചകലും നിഷ്‌ക്രിയത്വവുമാണ് ബ്രസീലിനു തിരിച്ചടിയായതെന്ന് ജോണ്‍സ് ഹോപ്കിസന്‍സ് യുണിവേഴ്‌സിറ്റി പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
 

Latest News